ഭൂമിയിലെ അസാധാരണ നൂറ് ഭൂപ്രദേശങ്ങളുടെ പട്ടികയിൽ സൗദിയിലെ വഹ്ബ പ്രദേശവും
അഗ്‌നി പർവത സ്‌ഫോടനത്താൽ രൂപപ്പെട്ട പ്രദേശം സൗദിയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്
റിയാദ്: ഭൂമിയിലെ അസാധാരണമായ നൂറ് ഭൂപ്രദേശങ്ങളുടെ പട്ടികയിൽ സൗദിയിലെ വഹ്ബ പ്രദേശം ഇടം പിടിച്ചു. അഗ്‌നി പർവത സ്‌ഫോടനത്താൽ രൂപപ്പെട്ട ഈ പ്രദേശം സൗദിയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സൗദി ജിയോളജിക്കൽ സർവേയാണ് അന്താരാഷ്ട്ര അംഗീകാരത്തിന്റെ വിവരം പുറത്ത് വിട്ടത്.
20 ലക്ഷം വർഷങ്ങൾക്ക് മുമ്പ് നൂറിലേറെ ചെറുതും വലുതുമായ അഗ്‌നിപർവത സ്‌ഫോടനങ്ങളാണ് ഈ പ്രദേശത്തെ ഈ രൂപത്തിൽ മാറ്റിയത്. 250 മീറ്റർ ആഴവും രണ്ടര കി.മീ വീതിയുമുണ്ട് ഈ പ്രദേശത്തിന്. മധ്യപൂർവേഷ്യയിൽ അഗ്‌നിപർവത സ്‌ഫോടനം മൂലം ഏറ്റവും വലിയ ഗർത്തം ഉണ്ടായ സൗദിയിലെ പ്രദേശമാണിത്. ശാസ്ത്ര ലോകത്ത് അൽ മർ വോൾക്കാനോ എന്നറിയപ്പെടുന്ന ഈ മേഖല സൗദിയിലെ ജിദ്ദയിൽ നിന്നും 270 കിമീ അകലെയാണ്.
അഗ്‌നിപർവത സ്‌ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപം കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതിക മായി 'ക്രെയ്റ്റർ' എന്ന് വിളിക്കുന്നത്. കുന്നുകളുടെയും പർവതങ്ങളു ടെയും മുകളിലാണ് പൊതുവെ ഇത് കണ്ടുവരാറുള്ളത്. സൗദിയിൽ 'ഹർറത് കിഷബ്' എന്നാണിതിന് പേര്.
സോഡിയം ഫോസ്‌ഫെയ്റ്റിന്റെ ക്രിസ്റ്റലുകളാണ് വെള്ള നിറത്തിൽ 'ക്രെയ്റ്ററി' ന്റെ പ്രതലത്തെ ഒരു പുതപ്പ് വിരിച്ചത് പോലെ ആകർഷകമാക്കുന്നത്. ഇപ്പോൾ ഈ പ്രദേശം ഒരു സംരക്ഷിത മേഖലയാക്കി മാറ്റിയിട്ടുണ്ട്. സന്ദർശകർക്കുള്ള കേന്ദ്രവും ഇവിടെയുണ്ട്.