ഹജ്ജ് സീസൺ അവസാനിച്ചതോടെ മക്കയിൽ ഹോട്ടൽ വാടക കുറഞ്ഞു; ഉംറ തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി മക്ക
ഹറമിനോടടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടകയിൽ 40 ശതമാനത്തോളം കുറവുണ്ടായി.
റിയാദ്: ഹജ്ജ് സീസൺ അവസാനിച്ചതോടെ മക്കയിൽ ഹോട്ടൽ വാടക 40 ശതമാനത്തോളം കുറഞ്ഞു. ഹാജിമാർ സ്വദേശങ്ങളിലേക്കും മദീനയിലേക്കും പോയി തുടങ്ങിയതോടെയാണ് ഹോട്ടലുകളിൽ തിരക്ക് കുറഞ്ഞത്. ഉംറ സീസൺ ആരംഭിക്കുന്നതോടെ ഹോട്ടലുകളിൽ വീണ്ടും ബുക്കിംഗ് ഉയരും. ഹറമിനോടടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടകയിൽ 40 ശതമാനത്തോളം കുറവുണ്ടായി. ഹാജിമാർ തമാസിച്ചിരുന്ന അസീസിയ പോലുള്ള പ്രദേശങ്ങളിൽ 50 ശതമാനം വരെ വാടക കുറഞ്ഞതായി ഹോട്ടൽ മാനേജ്മെൻ്റ് പറഞ്ഞു.
ഹജ്ജ് സീസണ് അവസാനിച്ചതോടെ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹോട്ടലുകളും അപ്പാർട്ട്മെൻ്റുകളും. മുഹറം 1 മുതലാണ് പുതിയ ഉംറ സീസണ് ആരംഭിക്കുന്നത്. അന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങും. അതോടെ വീണ്ടും ഹോട്ടലുകളിൽ ബുക്കിംഗ് ഉയരും. എങ്കിലും ഹജ്ജ് കാലത്തെ പോലെയുള്ള വർധന വാടകയിൽ ഉണ്ടാകില്ല.
റമദാനാകുന്നതോടെ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകാറുണ്ട്. നിലവിൽ 1150 ലേറെ ഹോട്ടലുകളും ഫർണിഷ്ഡ് അപ്പാർട്ട്മെൻ്റുകളുമാണ് മക്കയിലുള്ളത്. ഹജ്ജ് ഉംറ തീർഥാടകരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികളും നടന്ന് വരുന്നുണ്ട്.