എണ്ണ വ്യാപാരത്തില്‍ ഡോളറിന് പകരം യുവാന്‍; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സൗദി
ആഗോള എണ്ണ വ്യപാരത്തിലെ കറന്‍സി മാറ്റത്തെ കുറിച്ച് രാജ്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
സൗദി-ചൈന എണ്ണ വ്യാപാരത്തില്‍ കറന്‍സി മാറ്റം വരുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി അറേബ്യ. യു.എസ് ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ പഠനം നടത്തുന്നതായാണ് വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തില്‍ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.
വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആഗോള എണ്ണ വ്യപാരത്തിലെ കറന്‍സി മാറ്റത്തെ കുറിച്ച് രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചൈനയടക്കം എല്ലാ രാഷ്ട്രങ്ങളുമായി എണ്ണ ഇടപാടുകള്‍ക്ക് സൗദി ഉപയോഗപ്പെടുത്തുന്ന കറന്‍സി ഡോളറാണ്. ഇതിനിടയിലാണ് യുവാന്‍ കറന്‍സി വഴി എണ്ണ വില്‍ക്കാന്‍ സൗദിക്കും ചൈനക്കുമിടയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തിലും വര്‍ധനവുണ്ടായി.
സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ആഗോള വിപണയിലും എണ്ണ ഇടപാടുകളിലും അമേരിക്കന്‍ ഡോളറാണ് കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇതിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.