ഡിജിറ്റൽ പരിവർത്തനം വൻ നേട്ടമായി; സൗദി ആഭ്യന്തര മന്ത്രാലയത്തിന് വർഷം 1700 കോടി ലാഭം

ഉപയോക്താക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമായി കണക്കാക്കുന്നു.

Update: 2022-10-16 17:26 GMT
Advertising

ദമ്മാം: ഡിജിറ്റൽ പരിവർത്തനത്തിലൂടെ സൗദി ആഭ്യന്തര മന്ത്രാലയത്തിന് വർഷം 1700 കോടി ലാഭം. മന്ത്രാലയ സേവനങ്ങൾ ഡിജിറ്റൽവൽക്കരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓൺലൈനായും ഇ- സേവനങ്ങളായും ലഭ്യമാക്കിയതു വഴി ചെലവ് ചുരുക്കുന്നതിനും സേവനങ്ങളുടെ വേഗത വർ‌ധിപ്പിക്കുന്നതിനും സഹായകരമായതായി മന്ത്രാലയം വെളിപ്പെടുത്തി.

സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റൽ പരിവർത്തനത്തിലൂടെ പ്രതിവർഷം 1700 കോടി റിയാൽ ലാഭിക്കാൻ കഴിയുന്നതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. വ്യാജരേഖാ നിർമാണം, കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിലുള്ള കൃത്രിമങ്ങൾ എന്നിവ തടയുന്നതിനും ഡിജിറ്റൽ പരിവർത്തനം സഹായകരമായി.

ഉപയോക്താക്കൾക്ക് സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കുന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമായി കണക്കാക്കുന്നു. പദ്ധതി വഴി 55.9 കോടി പേപ്പറുകൾ ലാഭിക്കുക വഴി പരിസ്ഥിതി മേഖലയിലും പ്രധാന നേട്ടമായി മാറി. 35,000 മരങ്ങൾ സംരക്ഷിക്കുന്നതിന് സമമാണിത്. സർക്കാർ നടപടിക്രമങ്ങൾ സുഗമമാക്കൽ, ഇ-സേവനം വിപുലീകരിക്കൽ, സുതാര്യതയും വസ്തുനിഷ്ഠതയും ശക്തമാക്കൽ എന്നീ ലക്ഷ്യങ്ങളോടെ 12 വർഷം മുമ്പാണ് ആഭ്യന്തര മന്ത്രാലയത്തിൽ ഡിജിറ്റൽ പരിവർത്തനം ആരംഭിച്ചത്.

രാജ്യ സുരക്ഷ ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറക്കാനും സിവിൽ, ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ഹജ്ജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനും ഡിജിറ്റൽ പരിവർത്തനം വഴി മന്ത്രാലയത്തിന് സാധിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News