ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി
വ്യാജ വാഗ്ദാനങ്ങളിലൂടെ ഇവരുടെ കെണിയിൽ അകപ്പെടുന്നതിന്റെ പൂർണ ഉത്തരവാദിത്വം വ്യക്തികൾക്ക് മാത്രമായിരിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പിൽ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെച്ച തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തും. അത്തരം തൊഴിലുകളുടെ നടപടിക്രമങ്ങളെല്ലാം വെബ്‌സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്‌സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന തൊഴിൽ പരസ്യങ്ങളും അറിയിപ്പുകളും സുപ്രീം കമ്മിറ്റിയുമായി ബന്ധമില്ലാത്തതും വ്യാജവുമാണ്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -സുപ്രീം കമ്മിറ്റി അറിയിപ്പിൽ വ്യക്തമാക്കി.
ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നവർക്ക് വ്യക്തിഗത വിവരങ്ങളോ, രേഖകളോ കൈമാറരുതെന്ന് സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി. വ്യാജ വാഗ്ദാനങ്ങളിലൂടെ ഇവരുടെ കെണിയിൽ അകപ്പെടുന്നതിന്റെ പൂർണ ഉത്തരവാദിത്വം വ്യക്തികൾക്ക് മാത്രമായിരിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പിൽ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ qatar2022.qa/en എന്ന വെബ്‌സൈറ്റ് വഴിയാണ് ഔദ്യോഗിക അറിയിപ്പുകൾ പൊതുജനങ്ങളിലെത്തുന്നത്. ലോകകപ്പ് ആസന്നമായിരിക്കെ, വിവിധ വ്യക്തികളും ഏജൻസികളും വ്യാജ തൊഴിൽ വാഗ്ദാനവുമായി ഏഷ്യയിലെ വിവിധ കേന്ദ്രങ്ങളിൽ റിക്രൂട്ട്‌മെൻറിന് ശ്രമിക്കുന്നതും മറ്റും സമീപകാലങ്ങളിൽ വാർത്തയായിരുന്നു.