ഗൾഫിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടു
രണ്ട് സംഭവത്തിലും ആഫ്രിക്കൻ വംശജരാണ് പ്രതികൾ
ഗൾഫിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു. ഷാർജയിൽ ഇടുക്കി സ്വദേശി വിഷ്ണു അടിയേറ്റ് മരിച്ചപ്പോൾ സൗദിയിലെ ദമ്മാമിൽ കൊല്ലം സ്വദേശി സനൽ കുത്തേറ്റ് മരിച്ചു. രണ്ട് സംഭവത്തിലും ആഫ്രിക്കൻ വംശജരാണ് പ്രതികൾ.
ഷാർജയിലെ അബൂഷഗാറയിലാണ് ഇടുക്കി കരണാപുരം സ്വദേശിയായ 29 കാരൻ വിഷ്ണു ആഫ്രിക്കൻ സ്വദേശികളുടെ അടിയേറ്റ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായ വിഷ്ണു താമസസ്ഥലത്ത് ആഫ്രിക്കക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ അകപ്പെട്ടുപോയി എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ചൊവ്വാഴ്ച അവധിയായിരുന്നതിനാൽ ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. താമസസ്ഥലത്ത് ഉച്ചക്കാണ് സംഭവം. മൃതദേഹം ഷാർജ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഷാർജ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
ദമ്മാമിൽ ജോലിക്കിടെ സഹപ്രവർത്തകനുമായുണ്ടായ സംഘട്ടനത്തിലാണ് കൊല്ലം ഇത്തിക്കര സ്വദേശി 35 കാരൻ സനലിന് കുത്തേറ്റത്. അൽഹസ്സ ജബൽ ഷോബക്ക് അടുത്തായിരുന്നു സംഭവം. സ്വകാര്യ പാൽകമ്പനിയിലെ ജീവനക്കാരനാണ് സനൽ. ഇതേ കമ്പനിയിലെ സഹപ്രവർത്തകന്‍ ഘാന സ്വദേശിയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കേസിലെ പ്രതിയും ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. സനലിന്‍റെ മൃതദേഹം ഹുഫൂഫ് ആശുപത്രിയിലേക്ക് മാറ്റി.