ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ
ലഹരി മരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ കുടുങ്ങിയത്
111 കിലോ ലഹരിമരുന്നുമായി 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 3.2 കോടി ദിർഹം വില വരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
99 കിലോ കാപ്റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് മൂന്ന് ഓപറേഷനുകളിൽ മൂന്ന് ഗാങ്ങുകളിൽ നിന്ന് പിടിച്ചെടുത്തത്. ആദ്യ ഓപറേഷനിൻ മൂന്ന് പേർ പിടിയിലായി. ലഹരി മരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ കുടുങ്ങിയത്.
രണ്ടാമത്തെ ഓപ്പറേഷനിൽ ഫോൺ വഴി മയക്കുമരുന്ന് വിൽപനക്ക് ശ്രമിക്കുന്നയാളെ പിടികൂടി. ഇയാളിൽ നിന്ന് 9.7 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. മൂന്നാം ഓപറേഷനിലാണ് 23 പേർ കുടുങ്ങിയത്. സാമൂഹിക മാധ്യമങ്ങൾ വഴി ലഹരിമരുന്ന് വിൽക്കുന്നയാളെ തേടിയിറങ്ങിയപ്പോഴാണ് 23 പേർ വലയിലായത്. ലഹരിമരുന്ന് ഉപയോഗമോ വിൽനയോ ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസ് ആപ്പിലെ 'പൊലീസ് ഐ' വഴിയോ വിവരം അറിയിക്കണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.