പ്രളയത്തിൽപെട്ടവർക്ക് ഷാർജയുടെ സാന്ത്വനം; വീടൊഴിയേണ്ടി വന്നവർക്ക് 50,000 ദിർഹം ധനസഹായം പ്രഖ്യാപിച്ചു

പ്രതികൂല കാലാവസ്ഥയിൽ ജീവിതം തകിടം മറിഞ്ഞവർ ഒറ്റക്കല്ലെന്ന സന്ദേശം നൽകുകയാണ് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

Update: 2022-08-08 18:34 GMT
Advertising

ഷാർജ: മഴക്കെടുതിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. ഹോട്ടലുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്ക് 50,000ദിർഹം വീതം സഹായം കൈമാറും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഭരണാധികാരി നിർദേശം നൽകി.

പ്രതികൂല കാലാവസ്ഥയിൽ ജീവിതം തകിടം മറിഞ്ഞവർ ഒറ്റക്കല്ലെന്ന സന്ദേശം നൽകുകയാണ് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് ഓരോ കുടുംബത്തിനും അര ലക്ഷം ദിർഹത്തിന്റെ ധനസഹായം. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രദേശിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ നിരവധി കുടുംബങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കും. യുഎഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ മാസാവസാനം അപ്രതീക്ഷിതമായിപെയ്ത പേമാരിയെ തുടർന്നാണ് പ്രളയമുണ്ടായത്. സംഭവത്തിൽ എഷ്യൻ വംശജരായ ഏഴുപേർ മരിക്കുകയും താമസസ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പേമാരി ദുരിതം വിതച്ചത്. ദുരന്ത ബാധിതർക്ക് ഹോട്ടലുകളിൽ താമസസൗകര്യവും ഭക്ഷണമടക്കം മറ്റു അവശ്യവസ്തുക്കളും ആദ്യ ദിവസം തന്നെ ലഭ്യമാക്കിയിരുന്നു.

ഷാർജയിലെ കൽബയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശൈഖ് സുൽത്താന്റെ പ്രഖ്യാപനം വീടു തകർന്നവർക്ക് വലിയ സാന്ത്വനമായി. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News