ഹത്ത വെള്ളച്ചാട്ടത്തിൽ മാർബിൾ കൊണ്ടൊരു ചിത്രം; രാഷ്ട്രശിൽപികളുടെ അപൂർവ ചിത്രത്തിന് ലോകറെക്കോർഡ്
ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ചിത്രത്തിനുള്ള റെക്കോർഡാണ് ഈ ചിത്രം സ്വന്തമാക്കിയത്
ദുബൈ: ദുബൈയിലെ ഹത്ത ഡാമിലെ വെള്ളച്ചാട്ടത്തിൽ മാർബിൾ കഷ്ണങ്ങൾകൊണ്ട് തീർത്ത ചിത്രത്തിന് ഗിന്നസ് റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ചിത്രത്തിനുള്ള റെക്കോർഡാണ് ഈ ചിത്രം സ്വന്തമാക്കിയത്. ദുബൈയുടെ മലയോര പ്രദേശമായ ഹത്തയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 12 ലക്ഷം മാർബിൾ കഷ്ണങ്ങൾ, വിവധാരാജ്യക്കാരായ നൂറിലേറെ കലാകാരൻമാർ, നാല് മാസത്തിലേറെ നീണ്ട പരിശ്രമം. അങ്ങിനെയാണ് ഈ ചിത്രം യാഥാർഥ്യമാക്കിയത്.
യു.എ.ഇ രാഷ്ട്രശിൽപികളായ ശൈഖ് സായിദിന്റെയും ശൈഖ് റാശിദിന്റെ ഈ കൂറ്റൻ ചിത്രത്തിന് പ്രത്യേകതകൾ പലതുണ്ട്. 2,198.7 ചതുരശ്രമീറ്ററാണ് ഈ ചിത്രത്തിന്റെ വലിപ്പം. താഴേക്ക് ഒഴുകുന്ന വെള്ളത്തിനടയിൽ തെളിയുന്ന വിധമാണ് ഇത് സംവിധാനച്ചിരിക്കുന്നത്. ഈ അപൂർവ കലാസൃഷ്ടി ഹത്തയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി പുതിയ അനുഭവമാകും. യു.എ.ഇയിൽ പുരോഗമിക്കുന്ന സായിദ് വ റാശിദ് കാമ്പയിന്റെ ഭാഗമായി ദുബൈ മീഡിയയുടെ ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈയും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമാണ് ലോകറെക്കോർഡ് നേടിയ ഈ ചിത്രമൊരുക്കാൻ പദ്ധതിയിട്ടത്.