അബൂദബി എക്സ്പ്രസ്; സ്വകാര്യ ബസ് സർവീസിന് തുടക്കമായി
അബൂദബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബൂദബി എക്സ്പ്രസ് സർവീസ് നടത്തുക
അബൂദബി എക്സ്പ്രസ് എന്ന പേരിൽ അബൂദബിയിൽ സ്വകാര്യ ബസ് സർവീസിന് ഇന്ന് തുടക്കമായി. തിരക്കുള്ള സമയങ്ങളിൽ ഓരോ പത്തുമിനിറ്റിലും അബൂദബി എമിറേറ്റിന്റെ വിവിധ മേഖകളിലേക്ക് ബസ് സർവീസ് നടത്തും.
അബൂദബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബൂദബി എക്സ്പ്രസ് സർവീസ് നടത്തുക. നഗരത്തിലേക്കും തിരിച്ചും ഇടക്ക് സ്റ്റോപ്പുകളില്ലാത്ത സർവീസാണിത്. രണ്ട് ഘട്ടങ്ങളിലായാണ് അബൂദബി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്.
മുസഫ വ്യവസായ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ അബൂദബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ മേഖലകളെ അബൂദബി നഗരവുമായി ബന്ധിപ്പിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ബസുണ്ടാകും. വാരാന്ത്യദിവസങ്ങളിൽ രാത്രി ഒന്ന് വരെ സർവീസ് തുടരും.