അറേബ്യൻ ട്രാവൽ മാർക്കറ്റ്​ തുടങ്ങി; അറബ്​ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇന്ത്യ

സാ​ങ്കേതിക മേഖലയ്ക്കായി മാത്രം 2000 ചതു​രശ്ര മീറ്ററിലധികം പ്രദർശന സ്ഥലം ഇത്തവണ നീക്കിവെച്ചിട്ടുണ്ട്​.

Update: 2023-05-01 19:04 GMT
Advertising

ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്​ ദുബൈ വേൾഡ്​ ട്രേഡ്​ സെന്ററിൽ തുടക്കം. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രദർശകർ മേളയ്ക്കെത്തിയിട്ടുണ്ട്​. ടൂറിസം, യാത്രാമേഖലയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിലും കമ്പനികൾ ഒപ്പുവയ്ക്കും.

സാ​ങ്കേതിക മേഖലയിലെ വികാസം ടൂറിസം, യാത്രാ രംഗത്ത്​ ചെലുത്തുന്ന സ്വാധീനം കൂടി വെളിപ്പെടുത്തുന്നതാണ്​ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 30ാം എഡിഷൻ. സാ​ങ്കേതിക മേഖലയ്ക്കായി മാത്രം 2000 ചതു​രശ്ര മീറ്ററിലധികം പ്രദർശന സ്ഥലം ഇത്തവണ നീക്കിവെച്ചിട്ടുണ്ട്​. ടൂറിസം, യാത്രാ രംഗത്ത്​ നിർമിത ബുദ്ധിയുടെ സ്വാധീനവും എ.ടി.എം മേളയുടെ പ്രത്യേകതയാണ്.

ഇൻക്രഡിബിൾ ഇന്ത്യ എന്ന പേരിൽ വിപുലമായ പവലിയനാണ്​ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇന്ത്യക്കുള്ളത്​. അറബ്​ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക്​ ആകർഷിക്കാൻ വിപുലമായ പദ്ധതിക്കു ത‌ന്നെ രൂപം നൽകിയതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്​ജയ്​ സുധീർ പറഞ്ഞു.

കർണാടകയും പോണ്ടിച്ചേരിയും പ്രത്യേക സ്റ്റാളുകൾ തന്നെ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്​. പോണ്ടിച്ചേരിയിലെ ടൂറിസം സാധ്യതകൾ ലോകത്തിന്റെ മുമ്പാകെ കൊണ്ടുവരാൻ എ.ടി.എം മികച്ച അവസരമായി മാറുമെന്ന്​ പൊതുമരാമത്ത്​ മന്ത്രി കെ. ലക്ഷ്​മി നാരായണൻ പറഞ്ഞു.

മലേഷ്യ, തായ്​ലാൻറ്​, മാലിദ്വീപ്​ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിപുലമായ പവലിയനുകളാണ്​ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്​. പരിസ്​ഥിതി സൗഹൃദ യാത്രയുമായി ബന്​ധപ്പെട്ട പുതിയ പ്രവണതകളും ഇത്തവണ എ.ടി.എം മേളയുടെ പ്രത്യേകതയാണ്​.

ചതുർദിന മേളയ്ക്കിടെ മൂന്ന്​ വേദികളിലായി 63 സമ്മേളനങ്ങളും നടക്കും. സഞ്ചാര മേഖലയിലെ പുതിയ ട്രെൻഡുകളും ആശയങ്ങളും പരിചയപ്പെടുത്താനും മേളയിൽ സംവിധാനം ഉണ്ട്​. ആയിരക്കണക്കിന്​ ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികൾ എന്നിവരും മേളയ്ക്കായി ദുബൈയിൽ എത്തിയിട്ടുണ്ട്​. മേള ഈ മാസം നാലു വരെ നീണ്ടുനിൽക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News