പുതുവത്സരാഘോഷം: ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 25 ലക്ഷം പേർ
ദുബൈ: പുതുവത്സരാഘോഷ ദിനത്തിൽ ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 25 ലക്ഷം പേർ. വിവിധയിടങ്ങളിലെ ആഘോഷങ്ങളിലേക്ക് എത്തിച്ചേരാൻ പൊതുസംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
ദുബൈ റോഡ് ഗതാഗത അതോറ്റിയുടെ കണക്കു പ്രകാരം, 25,0,2474 യാത്രക്കാരാണ് ബസ്, മെട്രോ, ട്രാം അടക്കമുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് വിവിധ പ്രദേശങ്ങളിലെ പുതുവർഷാഘോഷങ്ങൾ കാണാനെത്തിയത്. ഇതിൽ പതിനൊന്ന് ലക്ഷം പേർ ഉപയോഗപ്പെടുത്തിയത് മെട്രോ വഴിയുള്ള യാത്രയാണ്. അഞ്ചര ലക്ഷത്തിലേറെ ആളുകൾ ടാക്‌സികൾ ഉപയോഗിച്ചു. പബ്ലിക് ബസ്സുകളിൽ 4.65 ലക്ഷം പേരാണ് യാത്ര ചെയ്തത്. എൺപതിനായിരം പേർ തീരഗതാഗത സംവിധാനവും അമ്പതിനായിരം പേർ ട്രാമും യാത്രയ്ക്കായി തെരഞ്ഞെടുത്തു.
മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 9.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ബുർജ് ഖലീഫ, ദുബൈ ഫ്രെയിം, ഗ്ലോബൽ വില്ലേജ് തുടങ്ങി ദുബൈയിലെ 36 ഇടങ്ങളിലായിരുന്നു പുതുവത്സര ആഘോഷങ്ങൾ. ഇവിടങ്ങളിലേക്ക് പൊതുജനങ്ങൾക്ക് എത്തിപ്പെടാനായി മെട്രോ, ട്രാം സർവീസുകൾ ആർടിഎ വിപുലപ്പെടുത്തിയിരുന്നു.
എണ്ണായിരത്തി അഞ്ഞൂറിലേറെ ഉദ്യോഗസ്ഥർ, ആയിരത്തിലേറെ പട്രോൾ വാഹനങ്ങൾ, 33 തീരരക്ഷാ വാഹനങ്ങൾ, ഒമ്പത് ഡ്രോണുകൾ എന്നിവയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരുന്നത്.