ദുബൈയിൽ പുതിയ നാല് റൂട്ടുകളിൽ ബസ് സർവീസ്: സമയക്രമത്തിലും മാറ്റം
ഏഴ് റൂട്ടുകൾ പുതിയ മേഖലയിലേക്ക് ദീർഘിപ്പിക്കും
ദുബൈ: ദുബൈ നഗരത്തിൽ പുതിയ നാല് റൂട്ടുകളിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഏഴ് റൂട്ടുകൾ പുതിയ മേഖലയിലേക്ക് ദീർഘിപ്പിക്കും. 48 റൂട്ടുകളിലെ ബസ് സർവീസിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയതായി ആർ ടി എ അറിയിച്ചു.
റൂട്ട് 18, 19, എഫ് 29, ഡി.ഡബ്ലിയു.സി വൺ എന്നിവയാണ് പുതിയ റൂട്ടുകൾ. അൽ നഹ്ദ 1-ൽ നിന്ന് മുഹൈസിന4-ലേക്കാണ് റൂട്ട് 18 ബസുകൾ സർവീസ് നടത്തുക. അൽ നഹ്ദ 1-ൽ നിന്ന് ഖിസൈസിലേക്കാണ് റൂട്ട് 19.
മെട്രോ സ്റ്റേഷനിലേക്കുള്ള സർവീസാണ് എഫ് 29. അൽവസ്ൽ റോഡിൽ നിന്ന് എക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് ഈ ബസ്. ഈ റൂട്ടുകളിൽ ഓരോ 20 മിനിറ്റിലും സർവീസുണ്ടാകും.
അൽ മക്തൂം ഇന്‍റർനാഷനൽ വിമാനത്താവളത്തിലേക്കാണ് ഡി.ഡബ്ലിയു.സി 1 ബസ് സർവീസ് നടത്തുന്നത്. ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നായിരിക്കും ഈ ബസ് പുറപ്പെടുക. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വഴിയാണ് ഈ ബസിന്‍റെ യാത്ര. ദിവസം 30 മിനിറ്റ് ഇടവിട്ട് 24 മണിക്കൂറും ഈ സർവീസുണ്ടാകും. എക്സ്പോ സ്റ്റേഷനിലേക്ക് അഞ്ച് ദിർഹമും ഇബ്നു ബത്തൂത്തയിലേക്ക് 7.50 ദിർഹമുമാണ് നിരക്ക്. ഡിസംബർ 20 വരെ മാത്രമേ ഈ സർവീസുണ്ടാകും.
എഫ് 10 ബസുകൾ ഇനിമുതൽ സഫാരി പാർക്ക് വരെ സർവീസ് നടത്തും. എഫ് 20 അൽ സഫ മെട്രോ സ്റ്റേഷൻ വഴി അൽ വാസൽ റോഡിലൂടെ കടന്നുപോകും. എഫ് 30 ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് നീട്ടി. എഫ് 32 മദോണിലേക്ക് നീട്ടി. എഫ് 50 ഡി.ഐ.പിയിലേക്ക് നീട്ടി. ഗൾഫ് ന്യൂസ് ഓഫീസ് വഴി ഈ ബസ് കടന്നുപോകും. എഫ് 53 ദുബൈ ഇൻഡസ്ട്രിയിൽ സിറ്റിയിലേക്കും. എഫ് 55 എക്സ്പോ മെട്രോ സ്റ്റേഷനിലേക്കും സർവീസ് നീട്ടി.