മൃതദേഹം നാട്ടിലെത്തിക്കുന്ന സേവനം: ക്വട്ടേഷൻ ക്ഷണിച്ച് ഇന്ത്യൻ കോൺസുലേറ്റ്
മാർച്ച് 11 നകം സ്ഥാപനങ്ങൾ ക്വട്ടേഷൻ നൽകണം
ദുബൈ: യു.എ.ഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സേവനം ഏറ്റെടുക്കാൻ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ഈ രംഗത്ത് പ്രവർത്തനപരിചയമുള്ള സ്ഥാപനങ്ങൾ മാർച്ച് 11 ന് മുമ്പ് ക്വട്ടേഷൻ നൽകണമെന്നാണ് കോൺസുലേറ്റിന്റെ നിർദേശം. യു.എ.ഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനോ അല്ലെങ്കിൽ യു.എ.ഇയിൽ തന്നെ സംസ്‌കരിക്കാനോ സൗകര്യമൊരുക്കാനാണ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ഈരംഗത്ത് മൂന്ന് വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ക്വട്ടേഷൻ നൽകാം. www. cgidubai.gov.in എന്ന വെബ്‌സൈറ്റിൽ ഇതിന്റെ വിശദാംശങ്ങൾ കോൺസുലേറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
യു.എ.ഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സാധാരണ ഗതിയിൽ സ്‌പോൺസറോ ജോലി ചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കാറ്. എന്നാൽ, ചെലവ് ഏറ്റെടുക്കാൻ ആളില്ലാത്ത സാഹചര്യങ്ങളിൽ കോൺസുലേറ്റോ, എംബസിയോ മൃതദേഹങ്ങൾ ഏറ്റെടുക്കും. അവ നാട്ടിലെത്തിക്കുകയോ യു.എ.ഇയിൽ സംസ്‌കരിക്കുകയോ ചെയ്യും. ഈ നടപടികൾക്കായാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾ രണ്ടുവർഷത്തേക്കാണ് ഈ ചുമതലകൾ നിർവഹിക്കേണ്ടതെന്നും കോൺസുലേറ്റ് വ്യക്തമാക്കി.