ഭിന്നശേഷി സൗഹൃദമാക്കി ദുബൈ ആര്.ടി.എ സംവിധാനങ്ങള്‍; പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയായി
ആര്.ടി.എ ഹെഡ് ഓഫീസ്, 15ബസ് സ്റ്റേഷനുകള്‍, നാല് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍, രണ്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, അഞ്ച് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, അല്‍ ജദ്ദാഫ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന് എന്നിവയാണ് നിലവില്‍ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയത്
ദുബൈ: ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമാക്കി കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റിയെടുക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ദുബൈ ബില്‍ഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മൂന്നാം ഘട്ടത്തില്‍ 26 കെട്ടിടങ്ങളും സംവിധാനങ്ങളുമാണ് നിശ്ചിത നിലവാരത്തിലേക്ക് മാറ്റിയത്.
ആര്.ടി.എ ഹെഡ് ഓഫീസ്, 15ബസ് സ്റ്റേഷനുകള്‍, നാല് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍, രണ്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, അഞ്ച് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, അല്‍ ജദ്ദാഫ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന് എന്നിവയാണ് നിലവില്‍ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയത്.
ഭിന്നശേഷിക്കാര്‍ക്ക് യോജിച്ച രീതിയില്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ദേശിക്കുന്നതാണ് 'ദുബൈ ബില്‍ഡിങ് കോഡ്'. മൂന്നാംഘട്ടം പൂര്‍ത്തിയായതോടെ ആര്.ടി.എ സംവിധാനങ്ങളുടെ നവീകരണ പദ്ധതി സമ്പൂര്ണമായിട്ടുണ്ട്. എന്നാല്‍ ബില്‍ഡിങ് കോഡ് അനുസരിച്ചുള്ള നവീകരണങ്ങള്‍ തുടരും. കാഴ്ച പരിമിതര്‍ക്ക് അകത്തും പുറത്തും സൗകര്യപ്രദമായ വഴികള്‍, ഓട്ടോമാറ്റിക് എന്‍ട്രന്‍സ് ഡോറുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ റാമ്പുകള്‍, കാഴ്ച പരിമിതര്‍ക്ക് വിവരങ്ങള്‍ മനസിലാക്കുന്ന രീതിയില്‍ ബ്രെയ്ലി ലിപിയില്‍ ബോര്‍ഡുകള്‍, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന എലവേറ്ററുകള്‍ എന്നിവ പുതിയ സംവിധാനത്തില്‍ നിര്‍മിച്ചിട്ടുണ്ട്. കേള്‍വി പരിമിതര്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വീല്‍ചെയറുകള്‍ അടക്കം മറ്റു സൗകര്യങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.
ഹത്ത, അല്‍ ഖിസൈസ്, ദേര സിറ്റി സെന്റര്‍, ജബല്‍ അലി തുടങ്ങിയ ബസ് സ്റ്റേഷനുകളിലും അല്‍ ഗുബൈബ, അല്‍ സബ്ക, അല്‍ റിഗ്ഗ കാള്‍ട്ടന്‍ ടവര്‍, നായിഫ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങളിലും അടക്കം പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.