എമിറേറ്റ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22 ശതകോടി ദിർഹമിന്‍റെ നഷ്ടം
2020 മാർച്ചിൽ 1.7 ശതകോടി ദിർഹമിന്‍റെ ലാഭം എന്ന കണക്കിൽ നിന്നാണ് ഒരു വർഷത്തിനിടെ 22.1 ശതകോടി ദിർഹമിന്‍റെ നഷ്ടത്തിലേക്ക് എമിറേറ്റ്സ് വീണുപോയത്
ലോകോത്തര വിമാനകമ്പനിയായ ദുബൈയുടെ എമിറേറ്റ്സിന് 22 ശതകോടി ദിർഹമിന്‍റെ നഷ്ടം. കോവിഡ് കാരണം കഴിഞ്ഞ സാമ്പത്തികവർഷം വിമാനയാത്രകൾ നിലച്ചതാണ് എമിറേറ്റ്സിന് തിരിച്ചടിയായത്. എന്നാൽ, കരുത്തോടെ എമിറ്റേറ്റ്സ് പ്രതിസന്ധികളെ മറികടക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് പറഞ്ഞു.
2020 മാർച്ചിൽ 1.7 ശതകോടി ദിർഹമിന്‍റെ ലാഭം എന്ന കണക്കിൽ നിന്നാണ് ഒരു വർഷത്തിനിടെ 22.1 ശതകോടി ദിർഹമിന്‍റെ നഷ്ടത്തിലേക്ക് എമിറേറ്റ്സ് വീണുപോയത്. വരുമാനം 66 ശതമാനം ഇടിഞ്ഞു. കോവിഡ് കാരണം യാത്രകൾ നിലച്ചതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും തന്നെയാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ദുബൈ സർക്കാറിൽ നിന്ന് 11.3 ശതകോടി ദിർഹം മൂലധനമായി ലഭിച്ചിരുന്നു. വിവിധ വ്യവസായ പിന്തുണ പദ്ധതികൾ വഴി 800 മില്യൺ ദിർഹവും കണ്ടെത്തി. പ്രവർത്തനങ്ങൾ നിലനിർത്താനായി ഉപയോഗപ്പെടുത്തിയത് ഇതാണെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം വ്യക്തമാക്കി.
മൊത്തം തൊഴിലാളികളുടെ എണ്ണം 31 ശതമാനം കുറച്ചിരുന്നു. ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന എമിറ്റ്റ്സ് ശക്തമായി തിരിച്ചുവരുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പറഞ്ഞു. ഈരംഗത്ത് മികച്ച സംഭാവന നൽകാൻ എമിറേറ്റ്സിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.