പ്രവാസി കലാകാരൻ റബീഹ് ആട്ടീരിക്ക് കേരള സർക്കാർ ഫെല്ലോഷിപ്പ്

Update: 2025-01-09 06:50 GMT
Editor : Thameem CP | By : Web Desk
Advertising

അബൂദബി: കേരള സർക്കാറിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പ് യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് മാപ്പിള കലകളിൽ റബീഹ് ആട്ടീരി ഉന്നത റാങ്കോടെ അർഹനായി. ഒന്നര പതിറ്റാണ്ടിലധികമായി മാപ്പിളകലാ പരിശീലന രംഗത്ത് തിളങ്ങിനിൽക്കുന്ന റബീഹ് നിലവിൽ മൂന്നു വർഷമായി യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാപ്പിള കലകളിൽ പരിശീലകനാണ്. ടിപി ആലിക്കുട്ടി ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം യുഎഇ ചാപ്റ്ററിൽ വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട് പരിശീലകനായും സേവനം ചെയ്തിട്ടുണ്ട്. യുഎഇയിലുടനീളം നടക്കുന്ന കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും മാപ്പിള ,ഇസ്്ലാമിക സർഗോത്സവങ്ങളിലും സ്ഥിരം വിധികർത്താവാണ്. കേരളത്തിലെ പ്രമുഖ മാപ്പിളകലാ പരിശീലകൻ എംഎസ്‌കെ തങ്ങളുടെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ റബീഹ് ഉയർന്ന റാങ്കോടെയാണ് ഫെല്ലോഷിപ്പിന് അർഹനായിട്ടുള്ളത്.

കേരളത്തിലെ വിവിധ സ്‌കൂൾ, കോളജ് തലങ്ങളിൽ നൂറു കണക്കിന് വിദ്യാർഥികളെ മാപ്പിള കലകൾ പരിശീലിപ്പിച്ച റബീഹിന് ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ പഠനകാലത്ത് പറപ്പൂർ ഐയുഎച്ച്എസ്എസിലും ഹയർസെക്കണ്ടറി പഠനകാലത്ത് കാവതികളം നജ്്മുൽ ഹുദയിലും കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന മുട്ട് എന്നിവയിൽ സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയയങ്ങൾ നേടിയിട്ടുള്ള റബീഹ് പിന്നീട് ഇതേ സ്‌കൂളുകളുടെയും കേരളത്തിലെ മറ്റു പ്രുമുഖ സ്‌കൂളുകളുടെയും പരിശീലകനായും ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്തു.

മാതൃവിദ്യാലയങ്ങളിൽ നിന്നുള്ള പ്രോത്സാഹനവും കലാകുടുംബത്തിന്റെ പിന്തുണയും ഗുരുക്കന്മാരുടെ പൊരുത്തവുമാണ് നേട്ടങ്ങളുടെ നിദാനമെന്ന് റബീഹ് പറഞ്ഞു. ഇന്ന് ദഫ്മുട്ടിലും വട്ടപ്പാട്ടിലും കേരളത്തിലെ മുൻനിര പരിശീലകരിലൊരാളാണ് റബീഹ്. സ്‌കൂൾ കലോത്സവങ്ങളിൽ സബ്ജില്ല, ജില്ലാ തലങ്ങളിലും കേരളോത്സവങ്ങളിലും, മറ്റു മാപ്പിള, ഇസ്്ലാമിക കലോത്സവങ്ങളിലും സ്ഥിരം വിധകർത്താവായി സേവനമനുഷ്ഠിക്കുന്ന റബീഹ് നിലവിൽ യുഎഇ കേന്ദ്രീകരിച്ച് മാപ്പിളകലാ പരിശീലനം നടത്തിവരികയാണ്. കോട്ടക്കൽ ആട്ടീരിയിലെ പരേതനായ വടക്കേതിൽ രായീൻകുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായ റബീഹ് തന്റെ നേട്ടം പ്രോത്സാഹനവും പിന്തുണയും പ്രചോദനവുമേകിയ ഗുരുക്കൾക്കും മാതാപിതാക്കൾക്കും കുടുംബത്തിനും കലാകൂട്ടുകാർക്കും സമർപിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News