യുഎഇയിലും കുതിച്ചുയർന്ന് ഇന്ധനവില; ടാക്‌സി നിരക്കുകളിൽ വർധനക്ക് സാധ്യത
ഈ വർഷം 50 ശതമാനത്തിലേറെയാണ് യുഎഇയിൽ ഇന്ധന വില വർധിച്ചത്.
യുഎഇയിൽ ഇന്ധനവില വീണ്ടും കുത്തനെ വർധിച്ചു. എല്ലാമാസവും ഇന്ധനവിലയിൽ വലിയ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ടാക്‌സി സേവനദാതാക്കളും മാസം തോറും നിരക്ക് പുതുക്കി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ്. ഷാർജ ടാക്‌സിയും, യൂബറും നിരക്കിലെ മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ന് മുതലാണ് യുഎഇയിൽ പുതിയ ഇന്ധനവില നിലവിൽ വന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഈ മാസം നൽകേണ്ടിവരിക. പെട്രോൾ വിലയിൽ 12 ശതമാനവും ഡീസൽ വില 14.9 ശതമാനനവും ഉയർന്നു. 4 ദിർഹം 15 ഫിൽസായിരുന്ന സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസായി. സ്‌പെഷ്യൽ പെട്രോളിന്റെ വില 4 ദിർഹം 3 ഫിൽസിൽ നിന്ന് 4 ദിർഹം 52 ഫിൽസായി വില ഉയർന്നു. ഇ-പ്ലസിന് 3 ദിർഹം 96 ഫിൽസിൽ നിന്ന് വില 4 ദിർഹം 44 ഫിൽസായി.
ഈ വർഷം 50 ശതമാനത്തിലേറെയാണ് യു എ ഇയിൽ ഇന്ധന വില വർധിച്ചത്. ലിറ്ററിന് 4 ദിർഹം 14 ഫിൽസായിരുന്ന ഡീസൽ വില 4 ദിർഹം 76 ഫിൽസായി. വിലയിൽ വലിയ മാറ്റമുണ്ടാകുന്ന സാഹചര്യത്തിലാണ് നിരക്ക് എല്ലാമാസവും മാറ്റി നിശ്ചയിക്കാൻ ഷാർജ ടാക്‌സി തീരുമാനിച്ചത്. നിലവിൽ പത്ത് ദിർഹമാണ് ഷാർജ ടാക്‌സിയിലെ മിനിമം നിരക്ക്. പെട്രോൾവില ഡ്രൈവർമാരെ ബാധിക്കാതിരിക്കാൻ നിരക്ക് വർധിപ്പിക്കുകയാണെന്ന് യൂബറും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ചില ട്രിപ്പുകൾക്ക് 11 ശതമാനം വരെ നിരക്ക് വർധനയുണ്ടാകുമെന്നാണ് സൂചന.