ഇന്ത്യ, യുഎഇ - സൗഹൃദത്തിൽ പടുത്തുയർത്തിയ ബന്ധം
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ് ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം


ദുബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ് ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം. സൗഹൃദത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയ വ്യാപാര ബന്ധമാണ് ഇരുരാജ്യങ്ങളുടേതും. ഒരു ഘട്ടത്തിൽ പോലും ഈ ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
നമസ്തേ ഭാരത് എന്ന് ഹിന്ദിയിൽ എഴുതിയ കുറിപ്പുമായാണ് ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശന വിവരങ്ങൾ ദുബൈ മീഡിയ ഓഫീസ് പങ്കുവച്ചു തുടങ്ങിയത്. ഈയടുത്ത കാലത്തൊന്നുമില്ലാത്ത വിധം ദുബൈ ആഘോഷപൂർവം ഈ സന്ദർശനത്തെ വരവേറ്റു. പന്ത്രണ്ട് മണിക്കൂറിനിടെ മീഡിയ ഓഫീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത് ഇരുപതിലേറെ കുറിപ്പുകളാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ചരിത്രവും വർത്തമാനവും വ്യാപാര ബന്ധത്തിന്റെ ഇഴയടുപ്പവും വിവരിക്കുന്നതായിരുന്നു അവ.
യുഎഇ എന്ന രാഷ്ട്രത്തിന്റെയും ദുബൈ എന്ന മഹാനഗരത്തിന്റെയും വളർച്ചയിൽ ഇന്ത്യൻ സമൂഹം നിർവഹിച്ച പങ്ക് ആ കുറിപ്പുകൾ വരച്ചുകാട്ടി. അതുപ്രകാരം 2023-24 വർഷത്തിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8,450 കോടി യുഎസ് ഡോളറാണ്. അടുത്ത അഞ്ചു വർഷം കൊണ്ട് വ്യാപാരം പതിനായിരം കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
അഞ്ചു വർഷത്തിനിടെ ദുബൈയിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം പതിനഞ്ചു ബില്യൺ ദിർഹമായി വർധിച്ചു. ഇന്ത്യയിൽ ദുബൈ നടത്തിയ നിക്ഷേപം 17.2 ബില്യൺ ദിർഹം. കഴിഞ്ഞ വർഷം മാത്രം ദുബൈ വരവേറ്റത് 16,623 ഇന്ത്യൻ കമ്പനികളെയാണ്. ദുബൈയിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം എഴുപതിനായിരത്തിലേറെ. 2023ലെ കണക്കു പ്രകാരം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 54.2 ബില്യൺ ഡോളറാണ്. ദുബൈയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 45.4 ബില്യൺ ഡോളർ.
നാല്പത് ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിൽ തൊഴിലെടുക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ വിദേശസമൂഹവും ഇന്ത്യയുടേതാണ്. ശൈഖ് ഹംദാന്റെ സന്ദർശനം തൊഴിൽ, വ്യാപാര, നിക്ഷേപ മേഖലകളിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.