ഗ്യാസ് വിതരണത്തിന് ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു
പുനരുപയോഗ ഊർജ മേഖലയിൽ പരസ്പര വിനിമയം ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി
ഗ്യാസ് വിതരണത്തിന് ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഊർജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ എന്നിവയിൽ സംയുക്ത സംരംഭങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കരാർ. പുനരുപയോഗ ഊർജ മേഖലയിൽ പരസ്പര വിനിമയം ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ യു.എ.ഇ സന്ദർശനത്തിലാണ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്. യു.എ.ഇ മന്ത്രി ഡോ. സുൽത്താൻ ആൽ ജബ്റും ജർമനിയുടെ സാനമ്പത്തികകാര്യ മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ഡോ. ഫ്രാൻസിസ്‌ക ബ്രാന്‍റനറുമാണ് ഒപ്പുവെച്ചത്. കരാറനുസരിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി ജർമ്മൻ എനർജി കമ്പനിയായ ആർ.ഡബ്ല്യു.ഇ എ.ജിക്ക് വർഷാവസാനത്തോടെ ദ്രവീകൃത പ്രകൃതി വാതകം എത്തിക്കും. ജർമ്മൻ കമ്പനികൾക്കായി അഡ്‌നോക് മറ്റ് നിരവധി എൽ.എൻ.ജി കാർഗോകളും എത്തിക്കാൻ ധാരണയുണ്ട്.
പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നടപടികളും കരാറിലുണ്ട്. കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈഡ്രജന്‍റെ വാഹക ഇന്ധനമായ ലോ-കാർബൺ അമോണിയയുടെ കൈമാറ്റത്തിന് ജർമ്മൻ കമ്പനികളുമായി അഡ്‌നോക് കരാറുകളിൽ എത്തി. യു.എ.ഇയിലെ പ്രമുഖ പുനരുപയോഗ ഊർജ സ്ഥാപനമായ മസ്ദർ നോർത്ത് കടലിലും ജർമ്മനിയിലെ ബാൾട്ടിക് കടലിലും കാറ്റിൽ നിന്ന് ഊർജ ഉൽപാദനത്തിനും ധാരണയായി.
യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഊർജ ആവശ്യങ്ങൾക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറക്കാൻ ലക്ഷ്യമിട്ടുള്ള ജർമനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് യു.എ.ഇയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് യൂറോപ്പിന് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനവും റഷ്യയാണ് നൽകിയിരുന്നത്. ജർമ്മനിയിൽ ഉപയോഗിക്കുന്ന ഗ്യാസിന്‍റെ 55 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തതിരുന്നത്.