കൂപ്പ് കുത്തി വീണ്ടും ഇന്ത്യൻ രൂപ; ഗൾഫ് കറൻസികൾ റെക്കോർഡ് നിരക്കിൽ
ഏറ്റവും ഉയർന്ന മുല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 82 പൈസയിലേക്ക് കുതിച്ചു
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണ് ഈ മാറ്റം. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തുകയാണ്.
ഉയരുന്ന പണപ്പെരുപ്പം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 21 രൂപ 27 പൈസ എന്ന നിലയിലേക്ക് വിനിമയനിരക്ക് ഉയർന്നു. യു.എ.ഇ ദിർഹം 21 രൂപ 75 പൈസയിലേക്കും, ഖത്തർ റിയാൽ 21 രൂപ 94 പൈസയിലേക്കും എത്തി. ഒമാനി റിയാലിന്റെ മൂല്യം 207 രൂപ 47 പൈസയായി. ഏറ്റവും ഉയർന്ന മുല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 82 പൈസയിലേക്ക് കുതിച്ചു. ബഹ്‌റൈൻ ദിനാറാകട്ടെ 211 രൂപ 93 പൈസയിലേക്ക് ഉയർന്നു. റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമായില്ലായെങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന.