ഗൾഫ് മാധ്യമം എജുകഫേക്ക് ഷാർജ എക്സ്പോ സെന്ററിൽ പ്രൗഢമായ തുടക്കം
ഇത്തവണ ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായാണ് നാലുദിവസം നീളുന്ന എജുകഫേ സംഘടിപ്പിക്കുന്നത്
ദുബൈ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേക്ക് ഷാർജ എക്സ്പോ സെന്ററിൽ പ്രൗഢമായ തുടക്കം. ഇത്തവണ ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായാണ് നാലുദിവസം നീളുന്ന എജുകഫേ സംഘടിപ്പിക്കുന്നത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേ അന്താരാഷ്ട്ര തലത്തിലേക്ക് ചുവട് വെക്കുകയാണ്.
ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമിയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും, ഗൾഫ് മാധ്യമം എജുകഫേയും ഉദ്ഘാടനം ചെയ്തത്. പതിനെട്ടാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഇന്ത്യൻ പവലിയന്റെ പൂർണ നടത്തിപ്പ് ചുമതല ഇത്തവണ ഗൾഫ് മാധ്യമം എജുകഫേക്കാണ് എന്നതാണ് പ്രത്യേകത. എജുകഫേയുടെ എട്ടാമത് പതിപ്പാണ് അന്താരാഷ്ട്ര മേളയുടെ ഭാഗമാകുന്നത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഷാർജ എക്സ്പോ സെന്‍ററർ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് ആൻഡ് അറ്റസ്റ്റേഷൻ വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ ഏറ്റവും വലിയ പവലിയനും എജുകഫേയുടേതാണ്. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ആയിരങ്ങൾ സംഗമിക്കുന്ന മേളയുടെ അടുത്ത ദിവസവങ്ങളിൽ പ്രമുഖർ സദസുമായി സംവദിക്കും.
ഉദ്ഘാടന ദിവസം പൂർണമായും ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്ക് മാത്രമുള്ളതായിരുന്നു. വാരാന്ത്യദിവസങ്ങളിൽ രാവിലെ ഒമ്പതര മുതൽ രാത്രി ഒമ്പത് വരെ പ്രദർശനം നീളും. പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിനും കരിയർ വളർച്ചകൾ പുതിയ സാധ്യതകൾ തുറന്നിടുന്ന എജുകഫേ ഓരോ വർഷവും വളർച്ചയുടെ പുതിയ നാഴികകല്ലുകൾ പിന്നിടുകയാണ്.