അനധികൃത മസാജ് സെന്ററുകളുടെ കാർഡ് വിതരണം; ദുബൈയിൽ 870 പേരെ അറസ്റ്റ് ചെയ്തു
5.9 ദശലക്ഷം കാർഡുകൾ പിടിച്ചെടുത്തു
Update: 2022-08-21 09:58 GMT
കഴിഞ്ഞ 15 മാസത്തിനിടെ അനധികൃത മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 5.9 ദശലക്ഷം പരസ്യ കാർഡുകൾ പിടിച്ചെടുത്തതായും ഇതുമായി ബന്ധപ്പെട്ട് 870 പേരെ അറസ്റ്റ് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു.
2021ലും 2022ന്റെ ആദ്യ മൂന്ന് മാസങ്ങളിലുമായാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന്റെ പേരിൽ 870 പേരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ 588 പേർക്കെതിരെ പൊതു സദാചാര ലംഘനത്തിനും 309 പേർക്കെതിരെ കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഈ കാർഡുകളിൽ കണ്ടെത്തിയ 919 ഫോൺ നമ്പരുകളുടെ അനുമതി വിച്ഛേദിക്കാനും പൊലീസ് നിർദ്ദേശിച്ചു.
ഇത്തരം മസാജ് കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെതിരെ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് കനത്ത ശിക്ഷ തന്നെ ലഭിച്ചേക്കും.