ഇന്ത്യക്ക് ഫിഫയുടെ വിലക്ക്: ബ്ലാസ്റ്റേഴ്‌സ്- യുഎഇ മാച്ചുകൾ റദ്ദാക്കി
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. യുഎഇ മത്സരങ്ങൾ റദ്ദാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ദുബൈ: ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇയിൽ നടക്കേണ്ട സന്നാഹ മത്സരങ്ങൾ റദ്ദാക്കി. യുഎഇ ക്ലബ്ലുകളുമായി ഈമാസം 20 മുതൽ നടക്കേണ്ട മൂന്ന് മത്സരങ്ങളാണ് റദ്ദാക്കിയത്. മാച്ചിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് രാവിലെ ദുബൈയിൽ എത്തിയിരുന്നു.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. യുഎഇ മത്സരങ്ങൾ റദ്ദാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗസ്റ്റ് 20 മുതൽ 28 വരെ യുഎഇയിലെ വിവിധ ക്ലബ്രുകളുമായാണ് സന്നാഹ മൽസരം നിശ്ചയിച്ചിരുന്നത്.. ഇതിനായി 26 അംഗ ബ്ലാസ്റ്റേഴ്‌സ് സംഘം രാവിലെ ദുബൈയിൽ എത്തുകയും ചെയ്തു. എന്നാൽ ഫിഫ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ പുറത്താക്കിയ സാഹചര്യത്തിൽ മത്സരം നടക്കാൻ സാധ്യത കുറവാണെന്നാണ് സംഘാടകർക്ക് സൂചന കിട്ടിയിയിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി മാറ്റുരക്കേണ്ട ദുബൈ അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യുഎഇ ഫുട്ബാൾ അസോസിയേഷൻ കത്ത് നൽകിയതായി വിവരമുണ്ട്. മത്സരം നടക്കാത്ത സാഹചര്യത്തിൽ ദുബൈയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തി മടങ്ങാനാണ് ടീമിൻറെ തീരുമാനം.
ആയിരകണക്കിന് കാണികളെ പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ച മത്സരങ്ങൾക്ക് ടിക്കറ്റ് വിൽപനയും സജീവമായിരുന്നു. ടിക്കറ്റ് തുക കാണികൾ ഇനി മടക്കി നൽകേണ്ടി വരും. മത്സങ്ങൾക്കായി ഇന്ന് രാവിലെ പതിനൊന്നരക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ദുബൈ വിമാനത്താവളത്തിൽ എത്തിയത്.