ഇന്ത്യ- യു.എ.ഇ സെപ കരാർ; ചെറുകിട സ്വർണ ഇറക്കുമതിക്കും ഇളവ്

ഇതിനായി ഇറക്കുമതിക്കാരുടെ പട്ടിക വിപുലീകരിക്കും.

Update: 2023-04-28 19:07 GMT
Advertising

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പിട്ട സെപ കരാർ പ്രകാരം ഇനി മുതൽ ചെറുകിട സ്വർണ ഇറക്കുമതിക്കും നികുതിയിളവ് ലഭിക്കും. നേരത്തെ വൻകിട സ്വർണ ഇടപാടിന് മാത്രം ലഭിച്ചിരുന്ന ഇളവാണ് ചെറുകിടക്കാർക്കും ലഭ്യമാവുക. ഇതിനായി ഇറക്കുമതിക്കാരുടെ പട്ടിക വിപുലീകരിക്കും.

യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ നികുതിയിളവ് നൽകാൻ നേരത്തെ തയാറാക്കിയ പട്ടികയാണ് പുതിയ തീരുമാനപ്രകാരം വിപുലീകരിക്കുക. നേരത്തെയുണ്ടായിരുന്ന 78 വൻകിട ഇറക്കുമതിക്കാരുടെ പട്ടിക ഇതോടെ റദ്ദാക്കി. പുതിയ ഇറക്കുമതിക്കാരെ കൂടി ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

നിലവിൽ 25 കോടി രൂപയ്ക്ക് മേൽ വാർഷിക വിറ്റുവരവുള്ള 78 വൻകിടക്കാർക്ക് മാത്രമാണ് സെപ കരാർ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നത്. ഇവർക്ക് ഇറക്കുമതി ചുങ്കത്തിൽ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നു.

നിലവിൽ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാൽ, സെപ പട്ടികയിലുള്ളവർക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ മതി. പുതിയ നിർദേശം വന്നതോടെ ഈ ആനുകൂല്യം കൂടുതൽ സ്വർണ വ്യാപാരികൾക്ക് ലഭിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News