ഇന്ത്യ-യു.എ.ഇ 'സെപ' കരാര്‍; സാധ്യതകള്‍ അനന്തമെന്ന് അംബാസഡര്‍
ദുബൈയില്‍ ആദ്യയോഗം സംഘടിപ്പിച്ചു
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വാണിജ്യ രംഗത്ത് അനന്തസാധ്യതകളാണ് തുറക്കുന്നതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. സെപ കരാറിന്റെ സാധ്യതകള്‍ വിവരിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യപരമായി മാത്രമല്ല, നയതന്ത്രപരമായും ഇന്ത്യയും യു.എ.ഇയും തമ്മിലെ ശക്തമായ ബന്ധത്തെയാണ് സെപ കരാര്‍ സൂചിപ്പിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. സെപയെ കുറിച്ച് വിശദീകരിക്കാന്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ദുബൈയിലാണ് ആദ്യ യോഗം നടന്നത്.
യു.എ.ഇയില്‍ നടക്കുന്ന ലോകോത്തര വാണിജ്യ പ്രദര്‍ശനങ്ങളില്‍ ഇന്ത്യന്‍ സംരംഭകരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എ.ഇയില്‍ സ്ഥിരം പ്ലാറ്റ്‌ഫോം ഒരുക്കും. യു.എ.ഇ സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശക്തമായ പിന്തുണ ഈ കരാറിനുണ്ട്. ഇതിന്റെ ഭാഗമായി 85 പേര്‍ അടങ്ങുന്ന ഉന്നത സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇന്ത്യ-യു.എ.ഇ ബന്ധത്തിന് അതിരുകളില്ലെന്ന് കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു. സെപയുടെ ഗുണം ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ വന്‍തോതിലുള്ള ഇമാറാത്തി നിക്ഷേപം ഇതുവഴിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇക്കണോമിക്, ട്രേഡ്, കൊമേഴ്‌സ് കോണ്‍സുലായ കാളിമുത്തു 'സെപ'യെ കുറിച്ച് വിശദീകരിച്ചു. ദുബൈ, അബൂദബി ചേംബര്‍ ഭാരവാഹികളും വിവിധ ബിസിനസ് മേഖലകളുടെ പ്രതിനിധികളും പങ്കെടുത്തു.