യു.എ.ഇ വിസിറ്റ് വിസ പുതുക്കാനായി ഒമാനിലേക്ക് സന്ദർശകരുടെ ഒഴുക്ക്
നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഏർപ്പാട് ചെയ്യുന്നുണ്ട്
യു.എ.ഇയിൽ സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിലവിൽ നിർദേശം പ്രാബല്യത്തിൽ വന്നത്. ഇതോടെയാണ് വിസ പുതുക്കുന്നതിനായി എമിറേറ്റ്‌സിന്റെ തൊട്ടടുത്ത പ്രദേശമായ ഒമാനിലേക്ക് ആളുകൾ എത്തുന്നത്. ബസ്സുവഴിയും സ്വന്തം വാഹനത്തിലും വിമാനമാർഗ്ഗവും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.
അബൂദാബിയിൽ 90 ദിവസത്തെ വിസിറ്റ് വിസ ലഭിച്ച ഒരാൾക്ക് ആ സമയ പരിധിക്കുള്ളിൽ അടുത്ത 60 ദിവസ വിസകൂടി ഓൺലൈനിൽ പുതുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഇതാണ് നിർത്തലാക്കിയത്.
ദുബൈയിൽ ഇപ്പോൾ വിസിറ്റ് വിസ പുതുക്കുന്നുണ്ടെങ്കിലും മറ്റു എമിറേറ്റസിനെ അപേക്ഷിച്ചു ചിലവ് കൂടുതലാണ്. വിസ തീയതി കഴിയുന്ന സമയത്ത് രാജ്യത്തുനിന്നു പുറത്തുപോയി പുതിയ വിസയിൽ വരികയെ വഴിയുള്ളൂ. ഈ ഒരു കടമ്പ മറികടക്കാനാണ് ഏറ്റവും യാത്ര ചിലവ് കുറവുള്ള രാജ്യമായ ഒമാൻ കൂടുതൽ ആളുകൾ തെരെഞ്ഞെടുക്കുന്നത്.
യു.എ.ഇ അതിർത്തി കടന്നു കഴിഞ്ഞു വിസക്ക് വേണ്ടി ഓൺലൈനിൽ അപേക്ഷിച്ചാൽ നാലുമുതൽ എട്ടു മണിക്കൂറിനുള്ളിൽ പുതിയ വിസ ലഭിക്കും. ബസ് ചാർജ്, വിസ ചെലവ്, ഒരു ദിവസത്തെ താമസം അടക്കം ഒരു നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഏർപ്പാട് ചെയ്യുന്നുണ്ട്.