യു.എ.ഇയിൽ ഡ്രൈവിങ്ങിനിടെയുള്ള 'തീറ്റയും കുടിയും' നിയമലംഘനത്തിൽ ഉൾപ്പെടില്ലേ?
താമസസ്ഥലത്തെ ചില്ലറ ജോലികൾ കഴിഞ്ഞ്, ഓഫിസിലേക്കുള്ള ഓട്ടത്തിനിടെ പലപ്പോഴും പ്രഭാതഭക്ഷണം പോലും നഷ്ടപ്പെടുത്തുന്നവരാണ് പ്രവാസികൾ. എന്നാൽ ചില വിരുതന്മാർ സമയലാഭത്തിനായി കോഫിയും മറ്റു ലഘു ഭക്ഷണങ്ങളുമ്ലെലാം ഡ്രൈവിങ്ങിനിടെയാണ് അകത്താക്കുന്നത്.
ഇതൊരു സാധാരണകാഴ്ചയായതോടെ ഈ പ്രവർത്തി ട്രാഫിക് നിയമലംഘനത്തിൽനിന്നും ഒഴിവാണോ എന്നാണ് പലരുടേയും സംശയം.
എന്നാൽ സത്യത്തിൽ ഇത് ഗുരുതരമായ നിയമലംഘനം തന്നെയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്താൽ അത് അശ്രദ്ധമായ ഡ്രൈവിങ്ങിനും അപകടങ്ങൾക്കും കാരണമായേക്കാം. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തോളം തന്നെ ഗുരുതരമാണ് ഈ നിയമലംഘനവും.
മദ്യപാനവും, പുകവലിയുമുൾപ്പെടെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതെന്തും വലിയ ശിക്ഷയ്ക്ക് അർഹമാകുന്ന നിയമലംഘനങ്ങൾ തന്നെയാണ്. ഇത്തരത്തിൽ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്നതും മറ്റും വാഹനാപകടങ്ങൾക്കുള്ള സാധ്യത 80 ശതമാനം വർദ്ധിപ്പിക്കുന്നുവെന്നാണ് അബൂദബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ഉണർത്തുന്നത്.
2021ലെ രാജ്യത്തെ മാരകമായ അപകടങ്ങളിൽ 13 ശതമാനവും ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിലൂടെയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ തിരിക്കുന്ന എന്തും, നിയമവിരുദ്ധമാണ്.
മൊബൈൽ ഉപയോഗം, ഇന്റർനെറ്റ് ബ്രൗസ് ചെയ്യൽ, ടെക്സ്റ്റ് അയയ്ക്കൽ, ഡ്രൈവിങ്ങിനിടെ ഫോട്ടോകളോ വീഡിയോകളോ പകർത്തൽ, മേക്കപ്പ് ചെയ്യൽ ഇവയെല്ലാം ഈ ഗണത്തിൽ വരുമെന്ന് പ്രത്യേകം ഓർമ്മിക്കുക.
800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ഇത്തരം നിയമലംഘകർക്ക് ശിക്ഷയെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.