സൗരയൂഥത്തിന്റെ ഛിന്നഗ്രഹങ്ങളിലേക്ക് എത്താൻ യു.എ.ഇ പര്യവേഷണ വാഹനം വികസിപ്പിക്കും
യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച എം.ബി.സെഡ് സാറ്റ് എന്ന കൃത്രിമ ഉപഗ്രഹം ഈമാസം വിക്ഷേപിക്കും
ദുബൈ: സൗരയൂഥത്തിന്റെ ഛിന്നഗ്രഹങ്ങളിലേക്ക് എത്താൻ യു.എ.ഇ പര്യവേഷണ വാഹനമൊരുക്കുന്നു. പതിമൂന്ന് വർഷം കൊണ്ടാണ് സജ്ജമാക്കുക. അതിനിടെ, യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച എം.ബി.സെഡ് സാറ്റ് എന്ന കൃത്രിമ ഉപഗ്രഹം ഈമാസം വിക്ഷേപിക്കുന്നമെന്ന് യു.എ.ഇ ബഹിരാകാശ കേന്ദ്രം അറിയിച്ചു.
മുഹമ്മദ് ബിൻ റാശിദ് എക്‌സ്‌പ്ലോറേഴ്‌സ് ലാൻഡർ എന്ന പേരിലാണ് ചൊവ്വാഗ്രഹത്തിനും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹങ്ങളിലേക്ക് പര്യവേഷണം നടത്താൻ യു.എ.ഇ വാഹനം വികസിപ്പിക്കുന്നത്. ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലായിരിക്കും ലാൻഡർ ഇറക്കുക. യു.എ.ഇ ദേശീയ സ്ഥാപനങ്ങളും, ടെക്‌നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിക്കുന്ന കരാറിൽ ഒപ്പിവെച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പറഞ്ഞു. ആറ് വർഷം സമയമെടുത്താണ് പര്യവേഷണ പേടകം വികസിപ്പിക്കുക. ഇത് അഞ്ച് ശതകോടി കിലോമീറ്റർ യാത്ര ചെയ്ത് ഛിന്നഗ്രഹത്തിലെത്താൻ മറ്റൊരു ഏഴ് വർഷം സമയമെടുക്കും.
അതിനിടെ, യു.എ.ഇ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച എം.ബി.സെഡ് സാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഈമാസം നടക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ അറിയിച്ചു. കാലിഫോർണിയിയിൽ നിന്ന് സ്‌പേസ് എക്‌സ് റോക്കറ്റിലായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക. ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന വിക്ഷേപണം പിന്നീട് മാറ്റിവെക്കുകയായിരുന്നു.