എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് മലയാളിക്ക്; അവാർഡ് 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ
ദുബൈ സി എം സി ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളി പ്രമീള കൃഷ്ണനാണ് അപൂർവ നേട്ടം
ദുബൈയിലെ മലയാളി ക്ലീനിങ് തൊഴിലാളിക്ക് യു എ ഇ തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് അവാർഡ്. ഒരു ലക്ഷം ദിർഹം അഥവാ 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപയാണ് പുരസ്കാരം. ദുബൈ സി എം സി ആശുപത്രിയിലെ ക്ലീനിങ് തൊഴിലാളി പ്രമീള കൃഷ്ണനാണ് അപൂർവ നേട്ടം. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിയാണ് പ്രമീള.
അബൂദബിയിൽ നടന്ന ചടങ്ങിൽ പ്രമീള കൃഷ്ണന് യു എ ഇ മാനവവിഭവ ശേഷി, സ്വദേശിവൽകരണ മന്ത്രാലയം അധികൃതർ ഒരു ലക്ഷം ദിർഹമിന്റെ പുരസ്കാരം കൈമാറി. 13 വർഷമായി ദുബൈയിലുള്ള പ്രമീളയുടെ കഥ മലയാളത്തിൽ തന്നെ തൊഴിൽ മന്ത്രാലയം പങ്കുവെച്ചു.
ആദ്യമായാണ് യു എ ഇ തൊഴിൽ മന്ത്രാലയം മൊത്തം 90 ലക്ഷം ദിർഹം വിലമതിക്കുന്ന ലേബർമാർക്കറ്റ് അവാർഡ് സമ്മാനിക്കുന്നത്. 28 വിഭാഗങ്ങളിലായി നൽകുന്ന പുരസ്കാരങ്ങളിൽ അദർ പ്രൊഷണൽ ലെവൽ വിഭാഗത്തിലാണ് പ്രമീള കൃഷണൻ അവാർഡ് സ്വന്തമാക്കിയത്.
പതിമൂന്ന് വർഷം മുമ്പ് സഹോദരൻ പ്രസാദാണ് പ്രമീളക്ക് പ്രവാസത്തിന് അവസരമൊരുക്കിയത്. തനിക്ക് ജോലി നൽകിയ കനേഡിയൻ മെഡിക്കൽ സെന്ററിനോടും യു എ ഇ എന്ന രാജ്യത്തോടും തനിക്ക് വലിയ കടപ്പാടുണ്ടെന്ന് പ്രമീള മീഡിയവണിനോട് പറഞ്ഞു.