ഗസ്സയിലേക്ക് സമുദ്ര ഇടനാഴി; 1.5 കോടി ഡോളറിന്റെ സഹായവുമായി യു.എ.ഇ
ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിന് സൈപ്രസ് പ്രഖ്യാപിച്ച സമുദ്ര ഇടനാഴി പദ്ധതിക്കാണ് യു.എ.ഇ സഹായം പ്രഖ്യാപിച്ചത്
Update: 2024-04-11 17:29 GMT
ദുബൈ: ഗസ്സയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ ഒന്നര കോടി ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിന് സൈപ്രസ് പ്രഖ്യാപിച്ച സമുദ്ര ഇടനാഴി പദ്ധതിക്കാണ് യു.എ.ഇ ഒന്നരകോടി ഡോളർ സഹായം പ്രഖ്യാപിച്ചത്.
നേരത്തേ സൈപ്രസിന്റെയും, വേൾഡ് സെൻട്രൽ കിച്ചണിന്റെയും സഹകരണത്തോടെ യു.എ.ഇ സഹായമെത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഗസ്സയിലെ മനുഷ്യർ നേരിടുന്ന ദുരിതം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികൾ യു.എ.ഇ എത്തിച്ചിരുന്നു. 370 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് 17 ട്രക്കുകളിലായി എത്തിച്ചത്.