ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരി; യുഎഇ പ്രസിഡന്റിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ആധുനിക യുഎഇയുടെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശൈഖ് സായിദ് അൽ നഹ്‌യാൻ.
ന്യൂഡൽഹി: ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ ജനതയുടെ ദുഃഖത്തിൽ ഇന്ത്യയും പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
യുഎഇ ഭരണാധികാരിയും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഇന്ന് ഉച്ചക്ക് ശേഷമാണ് അന്തരിച്ചത്. യുഎഇ വാർത്താ ഏജൻസിയാണ് മരണവാർത്ത പുറത്തുവിട്ടത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡന്റായിരുന്നു.
ആധുനിക യുഎഇയുടെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശൈഖ് സായിദ് അൽ നഹ്‌യാൻ. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് വർഷത്തോളമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ശൈഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.