കിയോസ്‌ക്കുകൾക്കുമുന്നിൽ കാത്തുനിൽക്കേണ്ടതില്ല; ദുബൈയിൽ നോൽ ട്രാവൽ കാർഡ് ആപ്പിലൂടെയും ഇനി റീച്ചാർജ് ചെയ്യാം
ദുബൈ നഗരത്തിന്റെ വേഗതയ്ക്കനുസരിച്ച് പലപ്പോഴും നമുക്ക് ഓടിയെത്താൻ സാധിക്കാറില്ല. ഓഫിസുകളിലേക്കും മറ്റും പോകുമ്പോഴായിരിക്കും ചിലപ്പോൾ നോൽ ട്രാവൽ കാർഡിൽ ബാലൻസ് ഇല്ലെന്നറിയുന്നത്. മിക്കപ്പോഴും കിയോസ്‌ക്കുകൾക്കുമുന്നിൽ കാത്തുനിന്ന് വേണം കാർഡ് റീചാർജ്ജ് ചെയ്യാൻ. എന്നാൽ ഇനി, കിയോസ്‌ക്കുകൾക്കുമുന്നിൽ കാത്തുനിന്ന് നിങ്ങളുടെ മെട്രോയോ ബസോ ട്രാമോ വാട്ടർ ടാക്‌സിയോ നിങ്ങൾ മിസ്സാക്കേണ്ടതില്ല.
ആർ.ടി.എയുടെ നോൽ പേ ആപ്പിലൂടെ നോൽ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ദുബൈ നഗരത്തിന്റെ വേഗതയ്‌ക്കൊത്ത് ജീവിക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്.
Nol Pay ആപ്പ് വഴി നോൾ കാർഡ് ടോപ്പ്അപ്പ് ചെയ്യുന്ന നടപടിക്രമങ്ങൾ വളരെ എളുപ്പമാണ്. കാർഡിലേക്ക് ഒരു നോൾ പെർമിറ്റ് ചേർത്തതിന് ശേഷം കാർഡ് റീചാർജ് ചെയ്യാനും ബാലൻസ് തുക പരിശോധിക്കാനും ഇടപാട് ഹിസ്റ്ററിയും കാർഡിന്റെ കാലാവധിയുമടക്കം മൊബൈലിലൂടെ തന്നെ പരിശോധിക്കാനും സാധിക്കും. എവിടെനിന്നും എപ്പോൾ വേണമെങ്കിലും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ഹുവായ് ആപ്പ് ഗാലറിയിലും Nol Pay ആപ്പ് ലഭ്യമാണ്.