യു.എ.ഇയിൽ മഴമുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
മെയ് 2 വ്യാഴാഴ്ച പുലച്ചെ മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ദുബൈ: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ബുധൻ, വ്യാഴം ദിവസങ്ങളിൽ വീണ്ടും യു.എ.ഇയിൽ മഴയെത്തുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ. മെയ് 2 വ്യാഴാഴ്ച പുലച്ചെ മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏപ്രിൽ 16ന് ലഭിച്ചത് പോലെ ശക്തമായ മഴയായിരിക്കില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.
താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപമുള്ളവരും കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തിര ദുരന്തനിവാരണ അതോറിറ്റി, സംയുക്ത കാലാവസ്ഥ നിരീക്ഷണ സംഘവുമായി വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നു. ആഭ്യന്തര മന്ത്രാലയം, ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവരുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തു. വരാനിരിക്കുന്ന കാലാവസ്ഥ സാഹചര്യം നേരിടുന്നതിന് രാജ്യം സുസജ്ജമാണെന്ന് അധികൃതർ വെളിപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും തയ്യാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
മഴയെ നേരിടുന്നതിന് സമഗ്രമായ വിലയിരുത്തൽ നടത്തി നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്നറിയിപ്പുകൾ പാലിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും പ്രസ്താവനയിൽ നിർദേശിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും അധികൃതർ ആവശ്യപ്പെട്ടു.