നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണം: നിർദേശം കർശനമാക്കി യു എ ഇ

ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ ലഭിക്കാൻ ഇത് വെല്ലുവിളിയായേക്കും

Update: 2024-01-17 18:37 GMT
Advertising

ദുബൈ: യു എ ഇയിലെ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാജ്യക്കാരെ നിയമിക്കണമെന്ന നിർദേശം കർശനമാകുന്നു. ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം സ്ഥാപനത്തിൽ അധികമാണെങ്കിൽ ആ രാജ്യക്കാർക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. ജീവനക്കാരുടെ എണ്ണത്തിൽ മുന്നിലാണ് എന്നതിനാൽ ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ ലഭിക്കാൻ ഇത് വെല്ലുവിളിയായേക്കും.

ഇന്ത്യക്കാരും, പാകിസ്താനികളും ഏറെയുള്ള സ്ഥാപനങ്ങൾ ഇപ്പോൾ ആ രാജ്യക്കാർക്ക് പുതിയ തൊഴിൽ വിസക്ക് അപേക്ഷിക്കുമ്പോൾ മന്ത്രാലയം സൈറ്റിൽ പ്രത്യക്ഷപ്പെടുന്നുന്നത് ഈ മുന്നറിയിപ്പാണ്. നിയമനങ്ങളിൽ ജനസംഖ്യാപരമായ വ്യത്യസ്ത പാലിക്കണമെന്ന്. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരായിരിക്കണമെന്നാണ് വിസ സേവന ദാതാക്കൾക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നത്.

യു എ ഇയിലെ തൊഴിലിടങ്ങളിൽ വ്യത്യസ്ത രാജ്യക്കാർക്ക് അവസരം ഉറപ്പാക്കാനാണ് നിർദേശമെങ്കിലും, നിലവിൽ കൂടുതൽ ജീവനക്കാരുള്ള ഇന്ത്യ, പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ജീവനക്കാർക്കുള്ള അവസരങ്ങൾക്ക് ഇത് വെല്ലുവിളിയായേക്കുമെന്നാണ് ആശങ്ക.

അതേസമയം, ഇന്ത്യക്കാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി എന്ന വിധം സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഈരംഗത്തുള്ളവർ പറയുന്നു. നിയമന സാധ്യത കുറയാനോ, വൈകാനോ സാധ്യതയുള്ളതിനാൽ പുതിയ ജോലിക്കും, ജോലി മാറ്റത്തിനും ശ്രമിക്കുന്നവർ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ടെന്ന് വിസ സേവന രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.നിയന്ത്രണം സംബന്ധിച്ച തൊഴിൽമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമായേക്കും.പുതിയ ജോലിക്ക് ശ്രമിക്കുന്നവരും, ജോലി മാറ്റത്തിന് ശ്രമിക്കുന്നവരും ഈ അവസരത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News