ദുബൈയിലെ സാലിക് നിരക്ക് മാറ്റം നാളെ മുതൽ
തിരക്കേറിയ സമയങ്ങളിൽ നിരക്ക് ആറ് ദിർഹമായി ഉയരും


ദുബൈ: ദുബൈയിലെ സാലിക് നിരക്ക് മാറ്റം നാളെ മുതൽ. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കേറിയ സമയമായ രാവിലെ ആറ് മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയുമാണ് ടോള്‍ നിരക്ക് ആറ് ദിര്‍ഹമായിക്കുക. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. ജനുവരി 31ന് ശേഷം രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയും നാല് ദിര്‍ഹം എന്ന നിരക്ക് തുടരും. ദേശീയ അവധിയോ, പ്രത്യേക ദിവസങ്ങളോ അല്ലാത്ത ഞായറാഴ്ചകളിലും ടോള്‍ നിരക്ക് നാല് ദിര്‍ഹമായിരിക്കും. എല്ലാദിവസവും രാത്രി ഒന്ന് മുതൽ രാവിലെ ആറ് വരെയാണ് ടോള്‍ സൗജന്യമാവുക.
റമദാനിൽ നിരക്ക് മാറ്റത്തിന്റെ സമയങ്ങളിൽ മാറ്റമുണ്ടാകും. റമദാനിലെ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ആറ് ദിര്‍ഹം ഈടാക്കുക. രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും നാല് ദിര്‍ഹമായിരിക്കും നിരക്ക്. റമദാനിൽ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിൽ പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരിക്കും ടോള്‍ സൗജന്യമാവുന്നത്. റമദാനിലെ ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ നാല് ദിര്‍ഹമായിരിക്കും നിരക്ക്. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ ഏഴ് മണിവരെ ടോൾ സൗജന്യമാകും.