ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
ഷാർജയിൽ ഇന്ത്യൻ അസ്സോസിയേഷൻ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ അസ്സോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. വൈ.എ റഹിം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.വി നസിർ സ്വാഗതം പറഞ്ഞ പരിപാടിയിൽ കൺവീനർ സന്തോഷ് കുമാർ കേട്ടേത് ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ്ബിന്റെ രൂപീകരണ ലക്ഷ്യം അവതരിപ്പിച്ചു.
12ാം വയസ്സിൽ ആദ്യ കമ്പനിയുടെ സി.ഇ.ഒ ആയും 16 വയസ്സിനിടെ 3 കമ്പനികളുടെ സി.ഇ.ഒ ചുമതലകൾ വഹിക്കുകയും ചെയ്യുന്ന UAE യിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ എന്ന ഖ്യാതി സ്വന്തമാക്കിയ ആദിത്യൻ രാജേഷ് പരിപാടിയിൽ സംസാരിച്ചു. തന്റെ ജീവിത വഴികളെക്കുറിച്ച് വിവരിച്ച ആദിത്യൻ യുവാക്കൾക്ക് സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങാനുള്ള പ്രോത്സാഹനവും നൽകി.
എഴുത്തുകാരി താഹിറ കല്ലുമുറിക്കൽ പരിപാടിയിൽ സംസാരിച്ചു. രാജേഷ് സി.പി മെറ്റാവേഴ്‌സിന്റെ വിവിധ സാധ്യതകളെക്കുറിച്ച് വിശദമാക്കി. അഡ്വ. നാണു വിശ്വനാഥൻ ബ്ലൂ ഇക്കോണമി, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട ജോലി സാധ്യതകളെക്കുറിച്ചും മറ്റും വിശദീകരിച്ചു.
നിരവധി കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.