ഷിന്ദഗ ഇടനാഴി നാലാംഘട്ട വികസനം; നിർമാണ പ്രവർത്തനങ്ങൾ 45 ശതമാനം പൂർത്തിയായി

മൂന്ന് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള മൂന്ന് പാലങ്ങളുടെ പണി പൂർത്തീകരിച്ചു

Update: 2024-05-12 17:31 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ദുബൈ ഗതാഗത വികസനത്തിന് കരുത്തേകുന്ന അൽ ഷിന്ദഗ ഇടനാഴി പദ്ധതിയുടെ നാലാം ഘട്ട നിർമാണജോലികൾ ഊർജിതം. മൂന്ന് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള മൂന്ന് പാലങ്ങളുടെ പണി ഇതിനകം പൂർത്തീകരിച്ചതായും അധികൃതർ അറിയിച്ചു.

ഖലീഫാ ബിൻ സായിദ് സ്ട്രീറ്റ് ഇൻറർസെക്ഷനിൽ നിന്ന് ശൈഖ് റാശിദ് റോഡ് മുതൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇൻറർ സെക്ഷൻ വരെ 4.8 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ഷിന്ദഗ കോറിഡോർ നാലാം ഘട്ട വികസനം. മൂന്ന് കിലോമീറ്ററിലേറെ നീളം വരുന്ന മൂന്ന് പാലങ്ങളുടെ പണി പൂർത്തിയായി. ഇതോടെ പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ദുബൈയുടെ വികസനത്തിന് ആക്കം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം ആരംഭിച്ചതാണ് ഷിന്ദഗ കോറിഡോർ പദ്ധതി. നാലാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ വാഹന ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

മൂന്ന് പാലങ്ങൾക്കു പുറമെ 4.8കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡുകളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടും. ജുമൈറ സ്ട്രീറ്റ്, സബാഹ് അൽ അഹ്‌മദ് അൽ ജാബിർ ൽ സബാഹ് സ്ട്രീറ്റ്എന്നിവിടങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുകയെനന ലക്ഷ്യത്തോടെയാണ് പുതിയ റോഡ് നിർമാണം. ശൈഖ് റാശിദ് റോഡിലും അൽ മിന സ്ട്രീറ്റിലും കാൽനടയാത്രക്കാർക്കായുള്ള മേൽപാലവും നിർമിക്കും. വൈദ്യതി വിളക്കുകൾ സ്ഥാപിക്കുന്നതിനു പുറമെ കുറ്റമറ്റ ഡ്രെയിനേജ് സംവിധാനവും ഒരുക്കും. ആർ.ടി.എ ദുബൈയിൽ ആവിഷ്‌കരിച്ച വൻകിട വികസന പദ്ധതി കൂടിയാണ് ഷിന്ദഗ കോറിഡോർ. 5 ഘട്ടങ്ങളിലായി വിഭാവന ചെയ്യുന്ന പദ്ധതി 13 കിലോമീറ്റർ നീളത്തിൽ 15 ഇൻറർസെക്ഷനുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. ദേര, ബർദുബൈ, ദുബൈ ലാൻറ്‌സ്, ദുബൈ വാട്ടർഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, മിന റാശിദ് മേഖലകളിലെ ഗതാഗത സേവനം ഇതിലൂടെ മെച്ചപ്പെടും. ദശലക്ഷം പേർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി യാത്രാ ദൈർഘ്യം 104 മിനിറ്റിൽ നിന്ന് വെറും 16 മിനിറ്റായി കുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News