പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കും; യു.എ.ഇയിലെ പള്ളികൾ ഇനി ഹരിത മനോഹരമാകും
പ്ലാന്റ് ദി എമിറേറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ് മസ്ജിദ് പരിസരങ്ങളും ഹരിതാഭമാക്കുന്നത്.
ദുബൈ: യു.എ.ഇയിലെ പള്ളികൾ ഇനി ഹരിത മനോഹരമാകും. രാജ്യത്തെ പള്ളികൾക്ക് ചുറ്റും പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. കൃഷി പ്രോൽസാഹിപ്പിക്കാൻ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പ്ലാന്റ് ദി എമിറേറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ് മസ്ജിദ് പരിസരങ്ങളും ഹരിതാഭമാക്കുന്നത്. കൃഷിയെയും, പരിസ്ഥിതിയെയും സംരക്ഷിക്കാൻ മാതൃക കാണിച്ച യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനോടുള്ള ആദരം കൂടിയാണ് ഈ പദ്ധതി.
പരിസ്ഥിതി മന്ത്രാലയം, ഇസ്ലാമിക-സകാത്ത് കാര്യ ജനറൽ അതോറിറ്റി എന്നിവ കൈകോർത്താണ് പള്ളികൾക്ക് ചുറ്റും പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിൻറെ ലക്ഷ്യം. ഇസ്ലാമിക രൂപകല്പനകൾ കൊണ്ട് മനോഹരമായ പള്ളികളും അവയുടെ വിശാലമായ മുറ്റങ്ങളും പുതിയ സംരംഭത്തിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദവും ജൈവികവുമായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.