ആക്രമണം ഉടൻ അവസാനിപ്പിക്കണം; ഇസ്രയേലിനോടും ഹമാസിനോടും യു.എഇ
കൂടുതൽ ആപൽക്കരമായ സാഹചര്യം തടയാൻ വിവേകപൂർണമായ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേലിനോടും ഫലസ്തീനോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദേശിച്ചു
ഇസ്രയേലിനോടും ഹമാസിനോടും ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എഇ. കൂടുതൽ ആപൽക്കരമായ സാഹചര്യം തടയാൻ വിവേകപൂർണമായ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേലിനോടും ഫലസ്തീനോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദേശിച്ചു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അടിയന്തര വെടിനിർത്തലിന് തയാറാകണം. പശ്ചിമേഷ്യൻ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ ആഗോളതലത്തിൽ നീക്കം വേണമെന്നും യു.എഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേലിൽ ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ 150 ഇസ്രായേലികൾ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 1100- ലധികം പേർക്ക് പരിക്കേറ്റെന്നും അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ 198 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,600 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ തടഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവിൽ ഇസ്രായേൽ ഊർജ മന്ത്രി ഒപ്പിട്ടു. എയർ ഇന്ത്യ ഉൾപ്പെടെ പല വിദേശ വിമാന കമ്പനികളും ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.
ഹമാസ് ഇസ്രായേലിനുള്ളിൽ കയറി ആക്രമണം നടത്തിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇസ്രയേലിന്റെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാവീഴ്ച കൂടിയാണിത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഒരുങ്ങുന്നത് ഗസ്സയെ ചോരയിൽ മുക്കി പ്രതികാരം വീട്ടാൻ തന്നെയാണ്.
ഇസ്രയേലിനുള്ളിൽ ഹമാസ് ആക്രമണം നടത്തിയ പ്രദേശങ്ങളിൽ മണിക്കൂറുകളോളം സൈനികരോ ആരോഗ്യപ്രവർത്തകരോ എത്തിയില്ല. ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്രതലത്തിലും നെതന്യാഹുവിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ് ഹമാസിന്റെ ഈ ആക്രമണം. ലോകത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംവിധാനവും സൈനികസംവിധാനങ്ങളുമുള്ള ഇസ്രായേൽ ഇന്ന് ശരിക്കും പകച്ചു.
നിലവിൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്ന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് ഒറ്റയക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. തീവ്രജൂത സംഘടനകളുടെ പിന്തുണയോടെയാണ് ഭരണം. ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ മാസങ്ങളിൽ ഗസ്സയിലും ഇസ്രായേലിലും ആക്രമണങ്ങൾ നടത്തിയത് ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാൻ കൂടിയായിരുന്നു. അതിനിടയിലാണ് ഈ ആക്രമണം നെതന്യാഹു സർക്കാരിന്റെ തലക്കുമീതെ ഇടിത്തീ വീഴ്ത്തിയത്.
ഗസ്സയിൽ ചോരപ്പുഴ ഒഴുക്കി ഇതിന് പകരംവീട്ടാനാകും നെതന്യാഹുവിന്റെ പടയൊരുക്കം. യുദ്ധമാണ് നടക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി കഴിഞ്ഞു. അമേരിക്കയും പാശ്ചാത്യ ചേരിയും ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഫലസ്തീനികൾ നേരിടുന്ന എല്ലാ ക്രൂരതകൾക്കും മറുപടിയായാണ് ഈ സൈനിക നടപടിയെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങളിലുള്ള മൗനം അന്താരാഷ്ട്ര സമൂഹം അവസാനിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഏതായിരുന്നാലും ലോകരാജ്യങ്ങൾ ഇടപെട്ടില്ലെങ്കിൽ ഈ മേഖലയിലെ വലിയ മനുഷ്യക്കുരുതിക്കാകും വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുക