ലോക സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ചലഞ്ചിന്റെ നാലാമത് എഡിഷൻ പ്രഖ്യാപിച്ചു
2030ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്
ദുബൈ: സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് ലോക ചലഞ്ചിന്റെ നാലാമത് എഡിഷൻ പ്രഖ്യാപിച്ചു. ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. 30 ലക്ഷം ഡോളറാണ് ഇത്തവണ സമ്മാനത്തുക.
സ്വയം നിയന്ത്രിച്ചോടുന്ന ഒന്നിലധികം സംയോജിത ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാൻ പ്രാപ്തിയുള്ള കമ്പനികൾക്കാണ് ചലഞ്ചിൽ പങ്കെടുക്കാൻ അവസരം. സ്വയം നിയന്ത്രണ ടാക്‌സി, ബസ്, ഡ്രോൺ, ജലഗതാഗത വാഹനങ്ങൾ, ചരക്ക്‌വാഹനങ്ങൾ, വ്യോമഗതാഗതം എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം വികസിപ്പിക്കാൻ കമ്പനിക്ക് സാധിക്കണം. ഇങ്ങനെ വികസിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാകണം.
ഒന്നിലധികം കമ്പനികളായോ ഒറ്റക്കോ ചലഞ്ചിൽ പങ്കെടുക്കാം. കമ്പനികൾ വികസിപ്പിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്ന കമ്പനികളെ ഒക്ടോബറിൽ പ്രഖ്യാപിക്കും. 2025 സെപ്റ്റംബറിൽ നടക്കുന്ന ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് വേൾഡ് ചലഞ്ചിൽ വെച്ചാണ് അന്തിമ വിജയികളെ പ്രഖ്യാപിക്കുക. 2030ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.