തുർക്കി, യു.എ.ഇ സഹകരണം ശക്തമാകുന്നു
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകും
യു.എ.ഇ-തുർക്കി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകും. ഇസ്തംബുളിൽ യുഎ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സാമ്പത്തിക സഹകരണ വിഷയങ്ങൾ ചർച്ച ചെയ്തു. ഗൾഫ് മേഖലയുടെ വികസനത്തിൽ ഉഭയക്ഷി ബന്ധം ഏറെ ഗുണം ചെയ്യുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്തിടെയാണ്തുർക്കിയുമായി യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും കരാറിന് ഔദ്യോഗിക അംഗീകാരവും നൽകി. ഇതോടെ കയറ്റിറക്കുമതി രംഗത്തെ മുന്നേറ്റത്തിന് കൂടുതൽ ഉത്തേജനമായി. യു.എ.ഇ പ്രസിഡൻറിെൻറ തുർക്കി സന്ദർശനം എല്ലാ തുറകളിലും സഹകരണം ശക്തിപ്പെടുത്താൻ വഴിയൊരുക്കും.
അഞ്ച്വർഷത്തിനകം എണ്ണ ഇതരവ്യാപാരം 40 ശതകോടി ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ഇത് 18.9 ശതകോടി ഡോളറാണ്. യു.എ.ഇ സെപ കരാർ ഒപ്പുവെക്കുന്ന നാലാമത്തെ രാജ്യമെന്ന പ്രത്യേകത കൂടിയുണ്ട് തുർക്കിയക്ക്. ആദ്യം ഇന്ത്യയുമായി ഒപ്പുവെച്ച യു.എ.ഇ പിന്നീട് ഇസ്രായേൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും കരാറിലേർപ്പെട്ടിരുന്നു. കയറ്റിറക്കുമതി റിക്കാർഡ് നേട്ടത്തിലേക്ക് കൊണ്ടു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ചർച്ചയിൽ പങ്കുവെച്ചത്. മേഖലയുടെ വികാസത്തിനും സുസ്ഥിരതക്കും ഇരു രാജ്യങ്ങൾക്കും ഏറെ ചെയ്യാൻ സാധിക്കുമെന്നും ഇരു നേതാക്കളും വിലയിരുത്തി.