റഫാൽ പോർവിമാനങ്ങൾ സ്വന്തമാക്കി യു.എ.ഇ
80 ഫൈറ്റർ ജെറ്റുകൾക്കാണ് ഫ്രാൻസുമായി യു.എ.ഇ കരാർ ഒപ്പിട്ടിരിക്കുന്നത്


ദുബൈ: റഫാൽ പോർവിമാനങ്ങൾ സ്വന്തമാക്കി യു.എ.ഇ. ഫ്രാൻസിലെ ഡാസൂ ഏവിയേഷനുമായി ഒപ്പിട്ട കരാറിന്റെ ഭാഗയാണ് ആദ്യ ഡാസൂ റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ യു.എ.ഇ കൈപറ്റിയത്. ചരിത്രപരമായ ഇടപാടിന്റെ ഭാഗമെന്നാണ് യു.എ.ഇ പ്രതിരോധമന്ത്രാലയം ഇടപാടിനെ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പ്രതിരോധരംഗം ആധുനികവൽകരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ പോർവിമാനങ്ങൾ എത്തുന്നത്. ആഗോളതലത്തിലും മേഖലയിൽ നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കരുത്തുറ്റതാണ് ഇതിലെ സംവിധാനങ്ങളെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫദൽ അൽ മസ്റൂഈ, ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലകോണു തുടങ്ങിവർ പോർവിമാനങ്ങൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു. പുതിയ വിമാനങ്ങളിൽ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്. 80 പോർവിമാനങ്ങൾ വാങ്ങാൻ 16.6 ബില്യൺ യൂറോയുടെ കരാറാണ് ഫ്രാൻസുമായി യു.എ.ഇ ഒപ്പിട്ടത്.