തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി യു.എ.ഇയിൽ മയ്യിത്ത് നമസ്‌കാരത്തിന് ആഹ്വാനം
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് നിർദേശം പുറപ്പെടുവിച്ചത്
ദുബൈ: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി നാളെ യു.എ.ഇയിൽ മയ്യിത്ത് നമസ്‌കാരത്തിന് ആഹ്വാനം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് നിർദേശം പുറപ്പെടുവിച്ചത്. ഭൂകമ്പ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കൂടുതൽ സഹായങ്ങളും യു.എ.ഇ വാഗ്ദാനം ചെയ്തു.
യു.എ.ഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരമാണ് മയ്യിത്ത് നമസ്‌കാരം. തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സഹായിക്കാൻ വിപുലമായ പദ്ധതികൾക്കാണ് യുഎ.ഇ തുടക്കം കുറിച്ചത്. 'ഗാലന്റ്‌നൈറ്റ് ടു' എന്ന പേരിൽ പ്രതിരോധ മന്ത്രാലയം രക്ഷാ ദൗത്യവും തുടരുകയാണ്. ഇതിന്റെ ഭാഗമായി ഫീൽഡ് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, ഭൂകമ്പംദുരിതം വിതച്ച തുർക്കിക്കും സിറിയക്കും യു.എ.ഇ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖ് 50 ദശലക്ഷംദിർഹം സഹായം പ്രഖ്യാപിച്ചു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രഖ്യാപിച്ച 'ബ്രിഡ്ജസ് ഓഫ് ഗുഡ്' കാമ്പയിനിലേക്കാണ് ശൈഖ ഫാത്തിമയുടെ സഹായം. ദുരിതബാധിതർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ 100 ദശലക്ഷവും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം 50 ദശലക്ഷം ദിർഹമിന്റെ സഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.