യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; ഈ മാസം ശരാശരി നിരക്ക് 1,800ൽ താഴെ
അബൂദബിയിൽ പുതിയ ഹോം ക്വാറന്റൈൻ നിർദേശം
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ജൂൺ 30നുശേഷം ശരാശരി പ്രതിദിന കോവിഡ് കേസുകൾ 1,800ന് താഴെയാണ്. പ്രതിദിന മരണനിരക്കും കുറഞ്ഞിട്ടുണ്ട്. അതിനിടെ അബൂദബിയിൽ കോവിഡ് സമ്പർക്കമുണ്ടാകുന്നവരുടെ ഹോം ക്വാറന്റൈൻ മാർഗനിർദേശത്തിൽ മാറ്റംവരുത്തി.
കഴിഞ്ഞമാസം ശരാശരി പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിലായിരുന്നുവെങ്കിൽ ഈമാസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവ് പ്രകടമാണ്. ദിവസം മരിക്കുന്നവരുടെ എണ്ണവും ആറിൽ താഴെയാണ്. ഇന്ന് നാലുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 1,843 ആയി. ഇന്ന് 1,552 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതരുടെ എണ്ണം 6,42,601 ആയി. ഇന്ന് 1,518 പേർക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തർ 6,20,812 ആയി. നിലവിൽ 19,946 പേരാണ് ചികിത്സയിലുള്ളത്.
അബൂദബിയിൽ കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവർ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് ദുരന്തനിവാരണ സമിതി നിർദേശം നൽകി. ആറാം ദിവസം ഇവർക്ക് പിസിആർ പരിശോധന നടത്തി. നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാം. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സമ്പർക്കമുണ്ടായാൽ 12 ദിവസമായിരിക്കും ഹോം ക്വാറന്റൈൻ. ഇവർ 11-ാമത്തെ ദിവസം പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.
ഹോം ക്വാറന്റൈനിൽ രജിസ്റ്റർ ചെയ്തവർക്ക് സായിദ് പോർട്ട്, മഫ്‌റഖ് ആശുപത്രി, അഡ്‌നെക്, അൽഐൻ കൺവെൻസെന്റർ, അൽഖുബൈസി, അൽദഫ്‌റ മദീനത്തു സായിദ്, ദഫ്‌റയിലെ സേഹ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി പിസിആർ പരിശോധന നടത്താം. നിരീക്ഷണത്തിനായി അണിയിച്ച റിസ്റ്റ്ബാൻഡുകൾ ഇവിടെ അഴിച്ചുനൽകാനും സൗകര്യമുണ്ടാകും.