'പ്രതിസന്ധി തീർക്കാൻ ഒരു ഫോൺകോൾ മതി'; എണ്ണവിപണിക്ക് ഭീഷണിയില്ലെന്ന് യു.എ.ഇ
'വിപണിയുടെ താൽപര്യം മുന്‍നിർത്തി മുന്നോട്ട് പോകും'
എണ്ണഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എണ്ണവിപണിക്ക്ഭീഷണിയില്ലെന്ന് യു.എ.ഇ. വിപണിയുടെ താൽപര്യം മുന്‍ നിർത്തി മുന്നോട്ട് പോകും. ലോകം നേരിടുന്നത് മറ്റ് പ്രതിസന്ധികളെന്നും യു.എ.ഇ ഊർജ്ജ മന്ത്രി പറഞ്ഞു.
നവംബർ മുതൽ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ തീരുമാനം എണ്ണവിപണിയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനാവശ്യമായ ആശങ്കകളിൽ കാര്യമില്ലെന്ന യു.എ.ഇ ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങളുടെ വിശദീകരണം.
വിപണിയുടെ താൽപര്യം മുൻനിർത്തിയും നിരീക്ഷിച്ചുമാണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്ന് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പു മന്ത്രി സുഹൈൽ അൽ മസ്റൂഇ പറഞ്ഞു. കേവലം എണ്ണക്കപ്പുറം മറ്റു പ്രതിസന്ധികളാണ് ലോകം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണവിപണിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത് യു.എ.ഇ ഉൾപ്പെടെ എല്ല ഉൽപാദക രാജ്യങ്ങളുടെയും ലക്ഷ്യമാണ്. അതേ സമയം പാരമ്പര്യതര ഊർജ്ജ മേഖലകളിൽ കൂടുതൽ നിക്ഷേപിക്കുകയെന്ന സമീപനമാണ് യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒപെക്, ഒപെക് ഇതര രാജ്യങ്ങൾക്കെതിരെയുള്ള അമേരിക്കൻ നിലപാട് മയപ്പെടുത്താനും ഉൽപാതക രാജ്യങ്ങളുടെ നേതൃത്വത്തിൽ നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്.