വാഫി-വഫിയ്യ എന്‍ട്രന്‍സ് പരീക്ഷ നാളെ; ജി.സി.സിയിലും വിപുലമായ സൗകര്യങ്ങള്‍

യു.എ.ഇയിലും സൗദിയിലും രണ്ടുവീതം പരീക്ഷാ കേന്ദ്രങ്ങള്‍

Update: 2022-06-24 14:48 GMT
Advertising

വാഫി-വഫിയ്യ സ്ഥാപനങ്ങളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ നാളെ നടക്കാനിരിക്കെ ജി.സി.സിയിലുടനീളം വിപുലമായ സൗകര്യങ്ങളാണ് കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ഒരുക്കിയിരിക്കുന്നത്. സി.ഐ.സിക്കു കീഴില്‍, എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് നല്‍കുന്ന 97 വാഫി, വഫിയ്യ സ്ഥാപനങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്.

പ്രവാസി രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേരളത്തിലും ലക്ഷ്വദ്വീപിലും കര്‍ണ്ണാടകയിലുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പുറമേ ജി.സി.സിയിലുടനീളം വിപുലമായ സൗകര്യങ്ങള്‍ സി.ഐ.സി ഒരുക്കിയിരിക്കുന്നത്.

അല്‍ ഫലാഹ് സ്ട്രീറ്റിലെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററാണ് അബൂദബിയിലെ പരീക്ഷാ കേന്ദ്രം. അജ്മാനിലെ വിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് യു.എ.ഇയില്‍ തന്നെയുള്ള മറ്റൊരു പരീക്ഷാ കേന്ദ്രം. ഖത്തറിലുള്ള പരീക്ഷാര്‍ഥികള്‍ക്ക് ദോഹയിലെ നബിത് ഗ്ലോബല്‍ എജുക്കേഷനല്‍ സെന്ററിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.

സൗദി അറേബ്യയില്‍ ജിദ്ദ ഇസ്ലാമിക് സെന്ററിലും റിയാദിലെ ബത്ഹയിലുമാണ് എക്‌സാം സെന്ററുകള്‍. കുവൈത്ത് സിറ്റിയില്‍ ഫഹഹീലിലെ മാങ്കാഫ് ബ്ലോക്ക് ഒന്നിലും, ഒമാനില്‍ മസ്‌ക്കറ്റിലെ ബൗഷാര്‍ സുന്നി സെന്ററിലുമാണ് പരീക്ഷാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ലക്ഷ്വദ്വീപില്‍ കവരത്തി, കില്‍ത്താന്‍, കല്‍പേനി ദ്വീപുകളിലാണ് എക്‌സാം സെന്ററുകളുള്ളത്.

ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ 12.30 വരെ പെണ്‍കുട്ടികള്‍ക്കുള്ള വഫിയ്യ പ്രവേശന പരീക്ഷയും ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ ആണ്‍കുട്ടികള്‍ക്കുള്ള വാഫി പ്രവേശന പരീക്ഷയുമാണ് നടക്കുക. പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് 'വാഫിക്‌സ്' ആപ്പ് മുഖേന ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. ഇതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുമായി വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണമെന്ന് എന്‍ട്രന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളില്‍, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വാഫി അലുംനി സെന്റര്‍, കണ്ണൂര്‍ ജില്ലയിലെ മാമ്പ വാഫി കോളേജ്, എറണാകുളം ജില്ലയിലെ ഉമ്മുല്‍ ഖുറാ ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്, കലൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. പരീക്ഷയെ കുറിച്ചും അഡ്മിഷനെ സംബന്ധിച്ചുമുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്, +917025687788, +919349677788, +919497313222 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും സി.ഐ.സി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News