പശ്ചിമേഷ്യൻ സംഘർഷം; എണ്ണവിലയിൽ വർധന

അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രന്റ് ക്രൂഡ് 2.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്

Update: 2024-10-03 06:40 GMT
Advertising

ദുബൈ: രാജ്യാന്തര എണ്ണവിപണിയെ ബാധിച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി. അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ വില ഇനിയും വർധിക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രന്റ് ക്രൂഡ് 2.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്, വില ബാരൽ ഒന്നിന് 75.50 യുഎസ് ഡോളർ. യുഎസ് അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് മൂന്നു ശതമാനം വർധിച്ച് ബാരലിന് 72 ഡോളറിലെത്തി.

സെപ്തംബർ മൂന്നു മുതലുള്ള ബ്രന്റിന്റെ ഏറ്റവും വലിയ നിരക്കാണ് ബുധനാഴ്ചയിലേത്. സെപ്തംബർ 24 മുതലുള്ള വലിയ നിരക്കിലാണ് ഡബ്ല്യൂ.ടി.ഐ. ഈയാഴ്ചയിൽ അഞ്ചു ശതമാനം വർധനയാണ് ബ്രന്റ് ക്രൂഡോയിലിൽ ഉണ്ടായത്. ഡബ്യൂ.ടി.ഐയിൽ ആറു ശതമാനവും.

പ്രതിദിനം മുപ്പത് ലക്ഷം ബാരൽ എണ്ണയാണ് ഇറാനിൽനിന്ന് അന്താരാഷ്ട്ര വിപണിയിലെത്തുന്നത്. രാജ്യത്തിന്റെ ഇന്ധന മേഖലയിലെ ചെറിയ ചലനങ്ങൾ പോലും ആഗോള ഇന്ധനവിപണിയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയ വേളയിലും രാജ്യത്തിന്റെ ഊർജ മേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തിയ സമയത്തും എണ്ണവില കുതിച്ചുയർന്നിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News