യു.എ.ഇ മെഡിക്കൽ ട്രീറ്റ്‌മെന്റ് വിസ ലഭിക്കാൻ എന്തെല്ലാം ആവശ്യമാണ് ?
യു.എസ് ആസ്ഥാനമായുള്ള മെഡിക്കൽ ടൂറിസം അസോസിയേഷന്റെ കണക്കുപ്രകാരം, 2021ൽ മെഡിക്കൽ ടൂറിസത്തിൽ യു.എ.ഇയാണ് മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
അതേ വർഷം തന്നെ ദുബൈയിൽ 6,00,000ത്തിലധികം അന്തർദേശീയ രോഗികളെ ചികിത്സിച്ചതായി ദുബൈ ഹെൽത്ത് അതോറിറ്റിയും കണക്കുകൾ പുറത്തുവിട്ടിരുന്നു.
ഇവയെല്ലാം പരിഗണിച്ച് യു.എ.ഇയിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ സഹായിക്കുന്നതിനായി, വിദേശ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിസ ലഭിക്കുന്നതിനാവശ്യമായ നടപടികൾ അധികാരികൾ എളുപ്പമാക്കുകയും ചെയ്തിരുന്നു.
യു.എ.ഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ u.ae ൽ പറയുന്നത് പ്രകാരം, ഒരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രിയുടെ സ്‌പോൺസർഷിപ്പോടെ വിദേശികളായ രോഗികൾക്കും ചികിത്സയ്ക്കായി യു.എ.ഇയിൽ വരാവുന്നതാണ്.
ഇത്തരത്തിലൊരു മെഡിക്കൽ ട്രീറ്റ്മെന്റ് വിസയ്ക്ക് അപേക്ഷിക്കാൻ രോഗിയുടെ പാസ്‌പോർട്ട് കോപ്പി, സന്ദർശനത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് കൊണ്ട് ലൈസൻസുള്ള ആശുപത്രിയുടെ പക്കൽനിന്നുള്ള നിന്നുള്ള ഒരു കത്ത്, രോഗിയുടെ സാമ്പത്തിക സുരക്ഷിതത്വം തെളിയിക്കാനായി സമീപകാലത്തായി നടത്തിയ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ആവശ്യമാണ്.
ദുബൈയിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവർ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) മുഖാന്തിരമാണ് 'മെഡിക്കൽ ട്രീറ്റ്‌മെന്റ് എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.
സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ രണ്ട് തരത്തിലുള്ള എൻട്രി പെർമിറ്റുകളാണ് നിലവിലുള്ളത്.
വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ യു.എ.ഇയിൽ പ്രവേശിച്ചാൽ 90 ദിവസം വരെ രാജ്യത്ത് താമസിക്കാം.
ചികിത്സ തുടരേണ്ടതുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചാൽ ഈ വിസ പ്രകാരം തന്നെ താമസകാലാവധി നീട്ടിയെടുക്കാനും അവസരമുണ്ട്.
അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ചികിത്സയ്‌ക്കെത്തുന്നവർ ഐസിപി മുഖേനയാണ് മെഡിക്കൽ എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.
ഇവിടെയും സിംഗിൾ എൻട്രി ട്രീറ്റ്‌മെന്റ് വിസ, മൾട്ടിപ്പിൾ എൻട്രി ട്രീറ്റ്‌മെന്റ് വിസ എന്നിങ്ങനെ രണ്ട് തരത്തിലുള്ള എൻട്രി പെർമിറ്റുകളാണ് ലഭിക്കുക. മേൽ പറഞ്ഞ കാലാവധി നിബന്ധനകളെല്ലാം ഇതിനും ബാധകമായിരിക്കും.