ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കായി ഏകീകൃത വിസ; പദ്ധതി ഉടനെന്ന് യുഎഇ
ബഹ്‌റൈൻ ടൂറിസം മന്ത്രിയും ജിസിസി ഏകീകൃത വിസയെക്കുറിച്ച് പരാമർശിച്ചിരുന്നു
ആറ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ താമസക്കാർക്ക് രാജ്യാതിർത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന ഏകീകൃത വിസ സംവിധാനം ഏർപ്പെടുത്തുന്നു.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയാണ് ഏറെ പ്രാധാന്യം നിറഞ്ഞ വിസ നടപടി പ്രഖ്യാപിച്ചത്. അബൂദബിയിൽ നടക്കുന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റിലാണ് പ്രഖ്യാപനം.
നിലവിൽ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ വിസയില്ലാതെ ഈ ആറു രാജ്യങ്ങളിലും യാത്ര ചെയ്യാൻ കഴിയൂ. അതേസമയം പ്രവാസികൾ വിവിധ അംഗരാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കണം.
പുതിയ ഏകീകൃത വിസ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളില്ലാതെ ഒന്നിലധികം ജിസിസി രാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബഹ്‌റൈൻ ടൂറിസം മന്ത്രിയും ജിസിസി ഏകീകൃത വിസയെക്കുറിച്ച് പരാമർശിച്ചിരുന്നു.